എന്തുകൊണ്ട് കേരളത്തിനായി കളിച്ചില്ല, ഉത്തപ്പയുടെ വെളിപ്പെടുത്തല്‍

കഴിഞ്ഞ രഞ്ജി സീസണില്‍ കേരള നിരയില്‍ കളിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച താരമാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. എന്നാല്‍ അവസാന നിമിഷത്തെ ചില സാങ്കേതിര പ്രശ്‌നങ്ങള്‍ ഉത്തപ്പയെ കേരള ടീമില്‍ നിന്നും അകറ്റുകയായിരുന്നു. സൗരാഷ്ട്രയ്ക്കായാണ് ഈ താരം കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ ജെഴ്‌സി അണിഞ്ഞത്.

എന്തുകൊണ്ട് കേരളത്തിനായി കളിച്ചില്ല എന്ന ചോദ്യത്തിന് അക്കാര്യം വെളിപ്പെടുത്തി ഒടുവില്‍ ഉത്തപ്പയെത്തി. തന്റെ ഭാഗത്ത് നിന്നും സംഭവിച്ച അശ്രദ്ധയാണ് കേരള ടീമില്‍ ബാറ്റേന്തുന്നതില്‍ നിന്നും പിന്‍വാങ്ങാന്‍ കാരണമായതെന്ന് ഉത്തപ്പ പറയുന്നു.

“കേരളത്തിന് വേണ്ടി കളിക്കാന്‍ ആഗ്രഹിച്ചതിന് പിന്നിലെ കാരണം താന്‍ മലയാളിയാണ് എന്നതായിരുന്നു. കേരള ടീമിനെ വിലയിരുത്തിയപ്പോള്‍ ആ മികച്ച താരങ്ങളുളള നിരയാണെന്ന് മനസ്സിലാക്കാനായി. എന്നാല്‍ രഞ്ജിയില്‍ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടവും കടക്കാനാകുന്നില്ല, ഇതിന് പരിഹാരമായി എന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുമെന്ന് ഞാന്‍ കരുതി, അങ്ങനെയാണ് കേരളത്തിനായി കളിക്കാന്‍ ഞാന്‍ തീരുമാനിച്ചത്” ഉത്തപ്പ പറയുന്നു.

തന്റെ ഇഷ്ടം കേരള ക്രിക്കറ്റ് അസോസിയഷനെ താന്‍ അറിയിച്ചതായും ഇക്കാര്യം അന്തിമമായി തീരുമാനിച്ച് ജൂലൈ ഒന്നിന് മുന്‍പായി ഒരു മെയില്‍ കൂടി അവര്‍ക്ക് അയക്കേണ്ടതായിട്ടുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അവധി ആഘോഷത്തിലായിരുന്നതിനാല്‍ രണ്ട് ദിവസം അത് നീണ്ടു പോയത് തിരിച്ചടിയായെന്നും ഉത്തപ്പ പറഞ്ഞു. അപ്പോഴേക്കും പകരം താരത്തെ കേരളം കണ്ടെത്തിയിരുന്നു. ഇതോടെ സൗരാഷ്ട്രയ്ക്കായി കളിക്കാന്‍ ഉത്തപ്പ തീരുമാനിക്കുകായയിരുന്നു.

അതെസമയം രഞ്ജിയില്‍ മികച്ച പ്രകടനമാണ് കേരളം കാഴ്ച്ചവെച്ചത്. ഇതാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ കേരളത്തിനായി.