ശാസ്ത്രിയെ ഇനിയെന്തിന് ചുമക്കണം, കോച്ചാകാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ താരം ചോദിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും പരിഗണിക്കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ താരവും ഫീല്‍ഡിംഗ് കോച്ചുമായിരുന്ന റോബിന്‍ സിംഗ്. ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ശാസ്ത്രിയ്‌ക്കെതിരെ റോബിന്‍ സിംഗ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

“നിലവിലെ പരിശീലകന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ട് ലോക കപ്പ് സെമിഫൈനലുകളില്‍ പരാജയപ്പെട്ടു. കഴിഞ്ഞ ടി20 ലോക കപ്പിലും ഇതുതന്നെ സംഭവിച്ചു. 2023 ലോക കപ്പിന് ഒരുക്കങ്ങള്‍ തുടങ്ങേണ്ട സമയമാണിത്. അതിനാല്‍ പരിശീലക മാറ്റം ടീമിന് ഗുണം ചെയ്യും” എന്നും റോബിന്‍ സിംഗ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഈ മാസം 30-ന് മുമ്പാണ് ഇന്ത്യന്‍ പരിശീലകരാകാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രിയ്ക്കും റോബിന്‍ സിംഗിനും പുറമെ മഹേല ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരും മുഖ്യ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

മുഖ്യ പരിശീലകനെ കൂടാതെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്ട്രെംഗ് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ എന്നിവരെയും കപില്‍ സമിതി തിരഞ്ഞെടുക്കും.