'ഇന്ത്യന്‍ മണ്ണില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച കൗണ്ടര്‍-അറ്റാക്കിംഗ് ഇന്നിംഗ്‌സാണിത്'

ടീമില്‍ നിന്ന് എന്നന്നേക്കുമായി പുറത്തായേക്കുമെന്ന അവസ്ഥയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്. ഒരു സമയത്ത് പന്തിനെ മാറ്റി നിര്‍ത്തി വൃദ്ധമാന്‍ സാഹയിലേക്കും സഞ്ജു സാംസണിലേക്കും കണ്ണോടിച്ച ശേഷമാണ് പന്തിലേക്ക് സെലക്ടര്‍മാര്‍ വീണ്ടും മടങ്ങി എത്തിയത്. ഒരിടവേളയ്ക്ക് ശേഷം തന്നിലേക്ക് എത്തിയ അവസരം കനത്തിന് മുതലാക്കുന്ന പന്തിനെയാണ് ഇപ്പോള്‍ കാണാനാകുന്നത്. ഇപ്പോഴിതാ പന്തിന്റെ തിരിച്ചു വരവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

“പന്തിന്റെ പ്രകടനത്തെ ഉജ്വലം എന്നല്ലാതെ മറ്റെങ്ങനെ വിശേഷിപ്പിക്കാനാണ്. എല്ലാവരും പന്തിനോട് അല്‍പം പരുക്കന്‍ നിലപാടാണ് കൈക്കൊണ്ടതെന്ന് നമുക്കറിയാം. ക്രിക്കറ്റിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാനും കളിയെ ഗൗരവത്തിലെടുക്കാനും പലതവണ പന്തിനോട് ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട്.”

Rishabh Pant

“ശരീര ഭാരം കുറയ്ക്കാനും വിക്കറ്റ് കീപ്പറെന്ന നിലയിലുള്ള കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യാനും അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടുണ്ട്. അദ്ദേഹം ക്രിയാത്മകമായി പ്രതികരിച്ചതോടെ എല്ലാം ശുഭമായി. കഴിഞ്ഞ ഏതാനും മാസങ്ങളായി കഠിനമായ പരിശീലനത്തിലായിരുന്നു പന്ത്. അതിന്റെ ഗുണമാണ് ഇപ്പോള്‍ കിട്ടുന്നത്.”

Rishabh Pant Scores Maiden Test Century As India Stage Fightback Against England | Cricket News

“ഇന്ത്യന്‍ മണ്ണില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച കൗണ്ടര്‍ അറ്റാക്കിങ് ഇന്നിംഗ്‌സാണ് പന്തിന്റെ സെഞ്ച്വറി. രണ്ട് ഘട്ടങ്ങളുള്ള ഇന്നിംഗ്‌സായിരുന്നു അത്. തന്റെ സ്വതസിദ്ധമായ ശൈലി വിട്ട് രോഹിത്തിനൊപ്പം പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ആദ്യത്തേത്. അത് അത്ര എളുപ്പമുള്ള ഒന്നല്ല. അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടപ്പോള്‍ അദ്ദേഹം ശൈലി മാറ്റി. വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തിലും നല്ല പുരോഗതിയുണ്ടായി” ശാസ്ത്രി പറഞ്ഞു.