പന്തിനെ പന്താടല്‍ നിര്‍ത്തൂ; ധോണിയും ഇതേവഴി വന്നവന്‍; തുറന്നടിച്ച് പരിശീലകന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ കീപ്പര്‍ ഋഷഭ് പന്തിന്റെ പിഴവുകളായിരുന്ന തോല്‍വിയിലേറെ ഇന്ത്യന്‍ ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നത്. ധോണിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമേ ഇല്ല എന്ന രീതിയില്‍ വരെ എത്തിയിരുന്നു കാര്യങ്ങള്‍. ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ നിര്‍ണായക വിക്കറ്റുകള്‍ എടുക്കാനുള്ള അവസരം പന്ത് തുലച്ചതാണ് യുവതാരത്തിനെതിരേ ആരാധകര്‍ രംഗത്ത് വന്നത്.

മത്സരത്തിലെ 44 ആം ഓവറിലെ ആദ്യ പന്തില്‍ ഓസ്ട്രേലിയയുടെ വിജയശില്പി ആഷ്ടണ്‍ ടേണറെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം പാഴാക്കിയ പന്ത് അതേ ഓവറില്‍ അലക്‌സ് കാരെയെ റണ്ണൗട്ടാക്കാനുള്ള ശ്രമം എക്‌സ്ട്രാ റണ്ണില്‍ കലാശിക്കുകയും ചെയ്തു ഇതിനുശേഷമായിരുന്നു ധോണി ധോണിയെന്ന് കാണികള്‍ വിളിച്ചുകൂവിയത് മത്സരശേഷം സോഷ്യല്‍ മീഡിയയിലും പന്തിനെ ആരാധകര്‍ വെറുതെ വിട്ടില്ല .

എന്നാല്‍ ഇപ്പോള്‍ വിമര്‍ശകര്‍ക്കെതിരെ രൂക്ഷമായി ആഞ്ഞടിച്ചിരിക്കുകയാണ് റിഷാബ് പന്തിന്റെ പരിശീലകന്‍ കൂടിയായ തരക് സിന്‍ഹ. ധോണിയുമായുള്ള താരതമ്യങ്ങള്‍ രണ്ട് പേരും വിക്കറ്റ്കീപ്പറായതുകൊണ്ടാണ് ഉണ്ടാകുന്നതെന്നും എന്നാല്‍ ഇത്തരത്തിലുള്ള താരതമ്യങ്ങള്‍ അവനെ സമ്മര്‍ദ്ദത്തിലാക്കുമെന്നും സിന്‍ഹ പറഞ്ഞു .

“” ലോകത്തില്‍ സ്റ്റമ്പിങ്ങോ ക്യാച്ചോ നഷ്ട്ടപെടുത്താത്ത ഏത് വിക്കറ്റ് കീപ്പറാണ് ഉള്ളത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ക്യാച്ചുകളും സ്റ്റമ്പിങും ധോണി പാഴാക്കിയിരുന്നു. നല്ല കാര്യം എന്തെന്നാല്‍ അന്നും സെലക്ടര്‍മാര്‍ ധോണിയ്‌ക്കൊപ്പം നില്‍ക്കുകയും ടീമില്‍ നിലനിര്‍ത്തുകയും ചെയ്തു. അതിനുശേഷം ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായി ധോണി മാറി ” തരക് സിന്‍ഹ പറഞ്ഞു .