അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ടി20 ക്രിക്കറ്റില്‍ അവന്‍ രാജാവാകും; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് ഉത്തപ്പ

ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് വന്നാല്‍ ഋഷഭ് പന്ത് ടി20 ക്രിക്കറ്റില്‍ കരുത്തനാകുമെന്ന് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പന്ത് ടി20 ക്രിക്കറ്റില്‍ ഒരു വലിയ കളിക്കാരനാകുമെന്ന് താന്‍ കരുതുന്നെന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. ടി20 ഫോര്‍മാറ്റില്‍ യുവ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ താളം കണ്ടെത്താനാകെ വിഷമിക്കുമ്പോഴാണ് ഉത്തപ്പയുടെ ഈ പ്രശംസ.

ഡല്‍ഹിയില്‍ ജനിച്ച താരം 2017ല്‍ ടി20യില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പ്ലെയിംഗ് ഇലവനിലെ സ്ഥിരം ഘടകമാകാന്‍ എംഎസ് ധോണിക്ക് ബൂട്ട് തൂക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) റണ്‍സ് ശേഖരിക്കുന്നത് തുടര്‍ന്നെങ്കിലും ടീം ഇന്ത്യയുടെ മധ്യനിരയില്‍ തന്റെ കാലുറപ്പിക്കാന്‍ അദ്ദേഹം പാടുപെട്ടു.

റിഷഭ് പന്ത് ന്യൂസിലന്‍ഡ് പരമ്പരയില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം. അവന്‍ തീര്‍ച്ചയായും ടോപ് ഓര്‍ഡറില്‍ കളിക്കണം. ടി20 ക്രിക്കറ്റില്‍, അവിടെയാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതെന്ന് ഞാന്‍ കരുതുന്നു, അവിടെയാണ് അവന്‍ മുന്നിട്ട് നില്‍ക്കുന്നത്.

അവന്‍ ഒരു മാച്ച് വിന്നര്‍ ആണ്, ഒരു ഗെയിം ചേഞ്ചര്‍ ആണ്, കൂടാതെ അദ്ദേഹത്തിന് തന്റെ ബാറ്റിംഗ് പ്രകടനം കൊണ്ട് ഒറ്റയ്ക്ക് ഇന്ത്യയെ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ടി20 ക്രിക്കറ്റില്‍ ഒരു വലിയ കളിക്കാരനാകുമെന്ന് ഞാന്‍ കരുതുന്നു- റോബിന്‍ ഉത്തപ്പ പറഞ്ഞു.