അവസരം തുലച്ചു, ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് ഇനി 'വനവാസം'

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ എല്ലാവരും ഉറ്റുനോക്കിയത് ഒരു താരത്തിന്റെ ബാറ്റിംഗിലേക്കായിരുന്നു. എംഎസ് ധോണിയുടെ പിന്‍ഗാമിയായി ടീമിലെത്തിയ റിഷഭ് പന്ത് തിളങ്ങുമോയെന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന് അറിയേണ്ടിയിരുന്നത്.

എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കൊണ്ട് അഞ്ച് പന്തില്‍ നാല് റണ്‍സെടുത്ത് പന്ത് പുറത്തായി. ഫോര്‍ട്യുനിന്റെ പന്തില്‍ ഷംസിയാണ് പന്തിനെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ പിടികൂടിയത്. ഇതോടെ താരത്തിന്റെ ഭാവി തുലാസ്സിലായിരിക്കുകയാണ്. ഇന്ത്യന്‍ സ്‌കോര്‍ 104-ല്‍ നില്‍ക്കേയാണ് പന്ത് പുറത്തായത്. കളി ഫിനിഷ് ചെയ്യാനുളള സുവര്‍ണാവസരമാണ് പന്ത് ഇതോടെ നഷ്ടപ്പെടുത്തിയത്.

നേരത്തെ അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്താകുന്നതിനെതിരെ കോച്ച് രവി ശാസ്ത്രിയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും ഋഷഭ് പന്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read more

അതെസമയം റിഷ പന്തിന്റെ എതിരാളി ശ്രേയസ് അയ്യര്‍ മത്സരത്തില്‍ പുറത്താകാതെ നിന്നു. 14 പന്തില്‍ രണ്ട് ബൗണ്ടറി അടക്കം 16 റണ്‍സെടുത്ത ശ്രേയസ് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നത് വരെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തു. നേരത്തെ വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയിലും പന്ത് പരാജയപ്പെട്ടപ്പോള്‍ ശ്രേയസ് മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.