കോഹ്‌ലിപ്പടയ്ക്ക് ആശ്വാസ വാര്‍ത്ത; സൂപ്പര്‍ താരം ടീമിനൊപ്പം ചേര്‍ന്നു

കോവിഡ് മുക്തനായ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടില്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ബ്രിട്ടനിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പത്ത് ദിവസത്തെ ഐസൊലേഷനുശേഷമാണ് പന്ത് ടീമിനൊപ്പം ചേര്‍ന്നത്.

ഇംഗ്ലണ്ട് ആതിഥ്യം വഹിച്ച ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുശേഷമുള്ള ഇരുപത് ദിവസത്തെ ഇടവേളയ്ക്കിടെയാണ് പന്തിന് കോവിഡ് ബാധിച്ചത്. ടീം ഹോട്ടലിന് പുറത്തു താമസിച്ച പന്ത് യൂറോ കപ്പ് കാണാനും ദന്തരോഗ ചികിത്സയ്ക്കും യാത്രകള്‍ നടത്തിയിരുന്നു. ഇതുവഴിയാണ് പന്തിന് കോവിഡ് പിടിപെട്ടതെന്ന് കരുതപ്പെടുന്നു. ലക്ഷണങ്ങളില്ലാതിരുന്ന പന്തിന് ജൂലൈ എട്ടിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Image

പന്തിനെ കൂടാതെ ത്രോ ഡൗണ്‍ സ്പെഷലിസ്റ്റ് ദയാനന്ദ് ഗരാനിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗരാനിയും സമ്പര്‍ക്കത്തില്‍ വന്ന വൃദ്ധിമാന്‍ സാഹയും അഭിമന്യൂ ഇശ്വരനും ജൂലൈ പതിനാല് മുതല്‍ ടീം ഹോട്ടലില്‍ ഐസൊലേഷനിലാണ്. കോവിഡ് ഭേദമാകുന്നതുവരെ മൂവരും ഹോട്ടലിലെ അവരവരുടെ റൂമില്‍ തുടരും.

കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലുള്ളത്. താരങ്ങള്‍ക്കൊപ്പമുള്ള ബന്ധുക്കള്‍ക്കും കെയര്‍ ടേക്കര്‍മാര്‍ക്കും രണ്ടാം ഡോസ് വാക്സിനും നല്‍കിയിരുന്നു. എല്ലാവരെയും പ്രതിദിന പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.