'അവന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി തുടരും'; യുവതാരത്തെ പിന്തുണച്ച് ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെച്ച റിഷഭ് പന്തിനെ ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പന്ത് ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും ടി 20 ഫോര്‍മാറ്റില്‍ തുടര്‍ന്നും അവന് ഇടമുണ്ടാകുമെന്നും ദ്രാവിഡ് പറഞ്ഞു.

‘അവന്‍ കുറച്ച് റണ്‍സ് കൂടി സ്‌കോര്‍ ചെയ്യാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് അവനെ കുറിച്ച് ഉയരുന്ന ആശങ്കയല്ല. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ള ഞങ്ങളുടെ പദ്ധതികളുടെ പ്രധാന ഭാഗമാണ് അവന്‍. ഒരു പരമ്പര കൊണ്ട് അവന്റെ നായകമികവ് അളക്കാനാകില്ല’ ദ്രാവിഡ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കതിരെ ടി20 പരമ്പരയില്‍ റിഷഭ് പന്തിന്റെ നായകത്വത്തില്‍ ഇറങ്ങിയ ടീം ഇന്ത്യ 2-2നാണ് പരമ്പര അവസാനിപ്പിച്ചത്. അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യ നാല് കളികളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് പന്ത് നേടിയത്.

Read more

ഇംഗ്ലണ്ടിനെതിരെ അടുത്തമാസം ആദ്യം തുടങ്ങുന്ന ടെസ്റ്റ് മത്സരം കടുത്ത വെല്ലുവിളിയാകുമെന്നും ദ്രാവിഡ് പറഞ്ഞു. ഇംഗ്ലണ്ട് നിര മികച്ച ഫോമിലാണ് എന്നതാണ് ദ്രാവിഡിനെ അലട്ടുന്ന ആശങ്ക.