ഋഷഭ് പന്തിന് പരിക്ക്?, ബംഗ്ലാദേശ് പര്യടനത്തില്‍നിന്ന് ഒഴിവാക്കിയേക്കും

ബാറ്റിംഗിലെ മറ്റൊരു ഫ്‌ലോപ്പ് ഷോയ്ക്ക് ശേഷം ഋഷഭ് പന്ത് പരിക്കിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ പുറത്തായതിന് ശേഷം ഡ്രസിംഗ് റൂമിലെത്തിയ ഉടനെ താരം വൈദ്യസഹായം തേടിയിരുന്നു.

പിന്നീട് കീപ്പിംഗിനായി ഗ്രൗണ്ടിലിറങ്ങിയെങ്കിലും താരം ഫിറ്റല്ലെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 4 മുതല്‍ ആരംഭിക്കുന്ന ഇന്ത്യയുടെ വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാഗമാണ് പന്ത്. എന്നാല്‍ മോശം ഫോമിനൊപ്പം ഫിറ്റ്നസ് പ്രശ്‌നവും താരത്തെ മാറ്റിനിര്‍ത്തുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിലും പന്ത് നിരാശപ്പെടുത്തി. നാലാമനായി ക്രീസിലെത്തിയ റിഷഭ് 16 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സ് മാത്രമാണ് നേടിയത്. ഡാരില്‍ മിച്ചലിന്റെ ഷോട്ട് ബോളില്‍ അനാവശ്യ പുള്‍ഷോട്ടിന് ശ്രമിച്ച് ഗ്ലെന്‍ ഫിലിപ്‌സിന് ക്യാച്ച് നല്‍കിയാണ് റിഷഭ് പുറത്തായത്.

സമീപകാലത്തായി മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന താരമാണ് ഋഷഭ് പന്ത്. മോശം ഫോമിലായിരുന്നിട്ടും താരത്തിന് തുടരെ തുടരെ അവസരം നല്‍കുന്നതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്നത്തെക്കൂടി മോശം പ്രകടനത്തോടെ ഇത് കൂടുതുല്‍ ശക്തിയായി അലയടിക്കുമെന്നത് ഉറപ്പ്.