അവന്‍ തിരിച്ചു വരുമെന്ന് പോണ്ടിംഗ്, സ്വയം കുറ്റപ്പെടുത്തട്ടേയെന്ന് കപില്‍

ഇന്ത്യയുടെ യുവതാരം റിഷഭ് പന്ത് അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. പന്ത് അത്രയ്ക്കു പ്രതിഭയുള്ള കളിക്കാരന്‍ ആണെന്ന് പോണ്ടിങ് അഭിപ്രായപ്പെട്ടു.

പന്ത് പ്രതിഭാ സമ്പന്നനായ കളിക്കാരനാണ്. അധികം വൈകാതെ തന്നെ പന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും. അടുത്ത ഐപിഎല്ലില്‍ പന്തുമായി സഹകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, ഡല്‍ഹി കാപിറ്റല്‍സിന്റെ മെന്റര്‍ കൂടിയായ പോണ്ടിങ് പറഞ്ഞു. ട്വിറ്ററില്‍ വന്ന കമന്റിനു മറുപടിയായാണ് പോണ്ടിങ് അഭിപ്രായം പങ്കുവച്ചത്.

എന്നാല്‍ പന്തിന് സ്വയം കുറ്റപ്പെടുത്തുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് അഭിപ്രായപ്പെടുന്നു. പന്തിനെ വിമര്‍ശിക്കുന്നവരുടെ ഭാഗത്താണ് പിഴവെന്ന് തെളിയിക്കേണ്ടത് പന്തിന്റെ മാത്രം ചുമതലയാണെന്നും കപില്‍ അഭിപ്രായപ്പെട്ടു.

“പന്ത് പ്രതിഭയുള്ള കളിക്കാരനാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എങ്കിലും ഇപ്പോഴത്തെ അവസ്ഥയ്ക്ക് മറ്റാരെയും കുറ്റപ്പെടുത്താന്‍ പന്തിനാവില്ല. സ്വന്തം കരിയറിന്റെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് പന്തു തന്നെയാണ്. കഠിനാദ്ധ്വാനം ചെയ്ത് കൂടുതല്‍ റണ്‍സ് കണ്ടെത്തി വിമര്‍ശകര്‍ക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കുക മാത്രമാണ് ഇനി പന്തിനു മുന്നിലുള്ള വഴി. ഒരാള്‍ക്കു പ്രതിഭയുണ്ടെങ്കില്‍ വിമര്‍ശകര്‍ക്കു തെറ്റിപറ്റിയെന്ന് തെളിയിക്കേണ്ടത് അയാളുടെ ചുമതലയാണ്” കപില്‍ ചൂണ്ടിക്കാട്ടി.

Read more

ലോകേഷ് രാഹുല്‍ വിക്കറ്റ് കീപ്പറിന്റെ ജോലികൂടി ചെയ്യാനാരംഭിച്ചതോടെയാണ് പന്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായത്. ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ പന്തിന് പരിക്കേറ്റ സാഹചര്യത്തിലാണ് ആദ്യമായി രാഹുല്‍ വിക്കറ്റ് കീപ്പറായത്. പരീക്ഷണം വിജയിച്ചതോടെ ട്വന്റി20യിലും രാഹുലിനെത്തന്നെ കീപ്പറായി പരീക്ഷിക്കുകയായിരുന്നു.