'എന്റെ പിതാവ് ഭക്ഷണം പോലും കഴിക്കുന്നുണ്ടായില്ല'; ദുരിതജീവിതം ഓര്‍ത്തെടുത്ത് റിങ്കു സിംഗ്

കരിയറില്‍ പരിക്ക് വരുത്തിവെച്ച പ്രതിസന്ധികളെ കുറിച്ച് മനസ് തുറന്ന് കെകെആര്‍ താരം റിങ്കു സിംഗ്. 2018 ല്‍ കെകെആറിന്റെ ഭാഗമായ റിങ്കു കഴിഞ്ഞ നാല് സീസണിലും കൊല്‍ക്കത്തയ്ക്കൊപ്പം നിന്നിരുന്നെങ്കിലും കളിക്കാന്‍ തുടരെ അവസരം ലഭിച്ചിരുന്നില്ല. 2021 സീസണില്‍ മുട്ടുകാലിലെ പരിക്കിനെ തുടര്‍ന്ന് ആദ്യ പകുതി നഷ്ടമാവുകയും ചെയ്തിരുന്നു.

വന്നവഴി എനിക്ക് ഒട്ടും എളുപ്പമല്ലായിരുന്നു. എന്റെ ശരീര ഭാഷയ്ക്ക് ഇണങ്ങും വിധം ഞാന്‍ കഠിനാധ്വാനം ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം എനിക്ക് വളരെ പ്രയാസമേറിയതായി. വിജയ് ഹസാരെയില്‍ കളിക്കുമ്പോള്‍ എനിക്ക് മുട്ടുകാലിന് പരിക്കേറ്റു. വിക്കറ്റിനിടയിലെ ഓട്ടത്തിലായിരുന്നു അത്. അവിടെ വീഴുമ്പോള്‍ ഐപിഎല്ലിനെ കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. ഓപ്പറേഷന്‍ വേണമെന്നും 6-7 മാസം നഷ്ടമാവും എന്നും അവര്‍ പറഞ്ഞു.’

‘അത്രയും നാള്‍ ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുക എന്നത് എന്നെ വേദനിപ്പിച്ചു. രണ്ട് മൂന്ന് ദിവസത്തേക്ക് എന്റെ പിതാവ് ഭക്ഷണം പോലും കഴിക്കുന്നുണ്ടായില്ല. പരിക്കേല്‍ക്കുക എന്നത് കളിയുടെ ഭാഗമാണ് എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. ആ സാഹചര്യത്തില്‍ ഇങ്ങനെയെല്ലാം സംഭവിക്കുമ്പോള്‍ അത് വളരെ അധികം ആശങ്ക സൃഷ്ടിക്കും’ റിങ്കു സിഗ് പറഞ്ഞു.

ഇന്നലെ ലഖ്‌നൗവിനെതിരായ മത്സരത്തിലെ റിങ്കുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ 15 പന്തുകള്‍ നേരിട്ട റിങ്കു നാല് സിക്‌സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയില്‍ 40 റണ്‍സെടുത്തിരുന്നു.