പോണ്ടിംഗ് പറഞ്ഞതിന് പിന്നാലെ സ്റ്റാര്‍ക്ക് പ്രാവര്‍ത്തികമാക്കി; ഡക്കായി ഷാ!

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് അഡ് ലെയിഡില്‍ തുടക്കമായിരിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. മത്സരം തുടങ്ങി രണ്ടാം ബോളില്‍ തന്നെ യുവതാരം പൃഥ്വി ഷായുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.

ഇന്നിംഗ്സിലെ ആദ്യ ഡെലിവറി പൃഥ്വി ഷാ പ്രതിരോധിച്ചെങ്കില്‍ രണ്ടാമത്തെ ഡെലിവറിയിലേക്ക് എത്തിയപ്പോള്‍ സ്റ്റാര്‍ക്കിന്റെ ഗുഡ് ലെംഗ്തത് ബോളില്‍ പൃഥ്വിയുടെ കണക്കു കൂട്ടല്‍ പിഴച്ചു. എറൗണ്ട് ഓഫായി എത്തിയ ഡെലിവറിയില്‍ പന്തില്‍ നേരിയ ചലനം കൂടി വന്നതോടെ പ്രതിരോധിക്കാനുള്ള പൃഥ്വിയുടെ ശ്രമം പാളുകയും, ഇന്‍സൈഡ് എഡ്ജ് ആയ പന്ത് സ്റ്റമ്പ് ഇളക്കുകയുമായിരുന്നു.

Image

ഷാ പുറത്താവുന്നതിന് മുന്‍പ് കമ്മന്റേറ്ററായ റിക്കി പോണ്ടിംഗ് താരത്തെ ഔട്ടാക്കാന്‍ ഓസീസ് ബോളര്‍മാര്‍ എന്തുചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പന്തിന്റെ ലൈനിന് നേര്‍ക്ക് ഫ്രണ്ട് ഫൂട്ട് കൊണ്ടുവരാത്തതാണ് ഷായുടെ പ്രധാന പ്രശ്നം. പന്ത് വരുന്ന ദിശയില്‍ മുന്നിലെ കാല്‍ കൃത്യമായി അവതരിപ്പിക്കാത്തതു കൊണ്ട് ബാറ്റും ലെഗ് പാഡും തമ്മില്‍ വലിയ വിടവ് സൃഷ്ടിക്കപ്പെടുന്നു. പൃഥ്വി ഷായെ പുറത്താക്കണമെങ്കില്‍ ഇവിടെ വേണം ഓസീസ് ബോളര്‍മാര്‍ പന്തെറിയേണ്ടത് എന്നായിരുന്നു പോണ്ടിങ്ങിന്റെ കമ്മന്ററി.

ഇതിന് പിന്നാലെത്തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇക്കാര്യം തെളിയിക്കുകയും, ഷായ്ക്ക് ടെസ്റ്റ് കരിയറിലെ ആദ്യ ഡക്ക് സമ്മാനിക്കുകയും ചെയ്തു. ഓഫ് സ്റ്റമ്പിന് വെളിയിലേക്ക് പാഞ്ഞ പന്ത് നിരുപദ്രവകാരിയാണെന്ന് കരുതി അലസമായാണ് ഷാ ഷോട്ടിന് ശ്രമിച്ചത്. പക്ഷെ പിച്ചില്‍ കുത്തിയ പന്ത് സ്റ്റമ്പിലേക്ക് തിരിച്ചുകയറി. ഷോട്ടിന് ശ്രമിക്കുമ്പോള്‍ താരത്തിന്റെ മുന്‍ കാല്‍ നിലംതൊട്ടിരുന്നില്ല. ഐ.പി.എല്ലില്‍ പൃഥ്വി ഷാ ഭാഗമായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുഖ്യ പരിശീലകനാണ് പോണ്ടിംഗ്.