കുറ്റബോധമില്ല, 'ആനമണ്ടത്തരത്തെ' ന്യായീകരിച്ച് ദക്ഷിണാഫ്രിക്ക

സാനിദ്ധ്യം കൊണ്ട് പോലും ഏതൊരു ടീമിനേയും വിജയത്തിലെത്തിക്കാന്‍ കഴിയുന്ന അപൂര്‍വ്വം താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലേഴ്‌സ്. കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴായിരുന്നു ഒരു വര്‍ഷം മുമ്പ് ഡിവില്ലേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കല്‍.

എന്നാല്‍ ലോക കപ്പിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ഡിവില്ലേഴ്‌സ് ആഗ്രഹിച്ചിരുന്നെങ്കിലും ആ അഭ്യര്‍ത്ഥന ഉള്‍കൊള്ളാന്‍ ടീം മാനേജുമെന്റ് തയ്യാറായില്ല. മടങ്ങി വരാന്‍ ഡിവില്ലേഴ്‌സ് ആഗ്രഹിച്ചിരുന്നതായി കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇക്കാര്യം വിവാദമായി.

എന്നാല്‍ എബി ഡിവില്ലിയേഴ്സ് വിവാദത്തില്‍ വിശദീകരണവുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക രംഗത്ത് വന്നിരിക്കുകയാണ്. ഡിവില്ലിയേഴ്സിനെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ കുറ്റബോധമില്ലെന്ന് ടീം സെലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ലിന്‍ഡ സോണ്ടി പറഞ്ഞു.

2018ല്‍ വിരമിക്കല്‍ തീരുമാനം മാറ്റണമെന്ന് ഡിവില്ലിയേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയോടും പാകിസ്ഥാനോടുമുള്ള ടൂര്‍ണമെന്റില്‍ കളിച്ച് സെലക്ഷന്‍ നേടാന്‍ ഒരു അവസരം നല്‍കാമെന്നും അറിയിച്ചു. പക്ഷേ ഡിവില്ലിയേഴ്സ് പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ട്വന്റി20 ലീഗുകളില്‍ കരാറിലേര്‍പ്പെടുകയായിരുന്നുവെന്നും സോണ്ടി വ്യക്തമാക്കി.

ഡിവില്ലിയേഴ്സ് ലോക കപ്പ് ടീമില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനായി നായകന്‍ ഫാഫ് ഡുപ്ലസിസിനെയും പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണെയും എബിഡി കണ്ടിരുന്നതായും ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read more

ലോക കപ്പില്‍ കളിച്ച മൂന്ന് മത്സരവും തോറ്റിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഇതിന് പുറമെയാണ് ഡിവില്ലേഴ്‌സിന്റെ തിരിച്ചുവരവ് വാര്‍ത്തയും വിവാദമായിരിക്കുന്നത്.