ബെര്‍ബയ്ക്കും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കുമെതിരെ മ്യൂലന്‍സ്റ്റീന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രതിസന്ധിയെന്തെന്ന് തുറന്ന് പറഞ്ഞ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍. ബെര്‍ബറ്റോവിന് പ്രായം തളര്‍ത്തുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം നല്‍കുന്ന മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സഹതാരങ്ങള്‍ക്ക് കഴിയുന്നില്ലെന്നും മ്യൂലന്‍സ്റ്റീന്‍ പറയുന്നു.

“മുപ്പതിന് മുകളിലുള്ള പ്രായം അദ്ദേഹത്തെ തളര്‍ത്തുന്നുണ്ട്. പണ്ടത്തെ പോലെ ഓടിക്കളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. എന്നാല്‍ മധ്യനിരയില്‍ കളിക്കുമ്പോള്‍ ബോള്‍ പെട്ടെന്ന് നേടിയെടുക്കാനും അത് കൃത്യമായി ഗോളവസരമാക്കി മാറ്റാനും ബെര്‍ബെറ്റോവിനുള്ള കഴിവ് അനുപമമാണ്. അതിനാല്‍ തന്നെയാണ് ആദ്യ കളിയില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം മധ്യനിരയില്‍ കൂടുതലായി കളിക്കാന്‍ എത്തിയത്” മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.

എന്നാല്‍ ബെര്‍ബെറ്റോവ് സൃഷ്ടിക്കുന്ന ഗോളവസരങ്ങള്‍ മുതലാക്കാന്‍ മറ്റു മുന്നേറ്റനിര താരങ്ങള്‍ക്ക് ആവുന്നില്ലെന്നും മ്യൂലസ്റ്റീന്‍ പറയുന്നു. പത്തു ഗോളവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഒന്നുപോലും എതിര്‍ വലയില്‍ എത്തില്ലെന്നതാണ് ഇപ്പഴത്തെ അവസ്ഥ. ഇതാണ് യഥാര്‍ത്ഥ പ്രതിസന്ധിയെന്നും അദ്ദേഹം പറയുന്നു.

മുംബൈക്കെതിരായ മത്സരത്തിലും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ മുന്നേറ്റ നിരയിലെ ഒത്തിണക്കമില്ലായ്മയും, കളിക്കാര്‍ നിര്‍ണായക അവസരങ്ങളില്‍ മനസ്സാന്നിധ്യം കൈവിടുന്നതുമാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ജയത്തെ അകറ്റിനിര്‍ത്തുന്നത് എന്നാണ് റെനെയുടെ നിരീക്ഷിക്കുന്നത്.

ഐഎസ്എല്ലില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ജയം പോലും നേടാനായിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ കൊല്‍ക്കത്തയോടും ജംഷഡ്പൂറിനോടും ഗോള്‍ രഹിത സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം മത്സരത്തില്‍ മുംബൈയോട് 1-1നും സമനിലയില്‍ കുടുങ്ങി.