സിക്‌സറുകളുടെ എണ്ണത്തില്‍ റെക്കോഡ്, മുന്നില്‍ സഞ്ജുവും പിള്ളേരും, വഴങ്ങിയവരില്‍ ബാംഗ്ലൂര്‍

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്നത് ഈ സീസണില്‍. 1037 സിക്‌സുകളാണ് ഇതുവരെ ഈ സീസണില്‍ പാഞ്ഞത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് സിക്‌സറുകളുടെ എണ്ണം 1000 കടക്കുന്നത്. 2018 ല്‍ പിറന്ന 872 സിക്‌സുകളായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്.

ഈ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ടീം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. 116 സിക്‌സുകളാണ് സഞ്ജുവും കൂട്ടരും ഇതുവരെ നേടിയത്. 113 സിക്‌സറുമായി കൊല്‍ക്കത്തയാണ് രണ്ടാമത്.

ഈ സീസണില്‍ ഏറ്റവും അധികം സിക്‌സുകള്‍ വഴങ്ങിയത്് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. 136 സിക്‌സറുകളാണ് ഇത്തവണ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീം വഴങ്ങിയത്. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ടീമെന്ന നാണക്കേടും ബാംഗ്ലൂരിന്റെ പേരിലായി. ഒപ്പം, ബാംഗ്ലൂരിന്റെ തന്നെ മുഹമ്മദ് സിറാജും വാനിന്ദു ഹസരംഗയുമാണ് ഈ സീസണില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ബോളര്‍മാര്‍. 28 സിക്‌സ് വീതമാണ് ഇരുവരും വഴങ്ങിയത്.

ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറടിച്ചതു രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലറാണ്, 39 സിക്‌സര്‍. 34 സിക്‌സറുമായി പഞ്ചാബ് താരം ലിയാം ലിവിംഗ്സ്റ്റനാണ് രണ്ടാമത്. 32 സിക്‌സറുകള്‍ പായിച്ച കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാണ് മൂന്നാമത്.

Read more

ഈ സീസണിലെ നീളമേറിയ സിക്‌സര്‍ പറത്തിയത് ലിവിംഗ്സ്റ്റനാണ്. ഗുജറാത്തിനെതിരെ ലിവിംഗ്സ്റ്റന്‍ അടിച്ച സിക്‌സര്‍ 117 മീറ്റര്‍ ദൂരം ചെന്നാണ് പതിച്ചത്. ബോള്‍സിക്‌സ് അനുപാതത്തില്‍ മുന്നില്‍ മുംബൈയുടെ ടിം ഡേവിഡാണ്. അഞ്ച് പന്തുകളില്‍ ഒരു സിക്‌സ് എന്ന രീതിയിലായിരുന്നു ഡേവിഡിന്റെ പ്രകടനം.