നാണംകെട്ടിട്ടും ആ റെക്കോര്‍ഡ് ബ്ലാസ്‌റ്റേഴ്‌സിന് തന്നെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാറ്റുപോയ ബലൂണിനെ പോലെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയെങ്കിലും നെഞ്ചിലേറ്റിയ കാണികളുടെ ബലത്തില്‍ മലയാളി ക്ലബിന് നേട്ടം. ഐഎസ്എല്ലിലെ ഇതുവരെയുളള മത്സരങ്ങളില്‍ നിന്ന് ഏറ്റവും അധികം കാണികളെ ഹോം ഗ്രൗണ്ടിലെത്തിച്ച ടീം എന്ന നേട്ടമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.

109,606 പേര്‍ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലേക്ക് ഇതുവരെ ഒഴുകിയെത്തിയത്. ഒരു മത്സരത്തിന് ശരാശരി 36,535 പേര്‍ എന്ന തോതിലാണിത്.

രണ്ടാം സ്ഥാനത്തുളള ഏടികെയുടെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തില്‍ എത്തിയത് 32,816 പേര്‍ ആണ്. പൂണെയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കുറച്ചു കാണികള്‍ കളി കാണാനെത്തിയത്. പുതുമുഖങ്ങളായ ബംഗളൂരു എഫ്സിയെയും ജംഷഡ്പൂരിനെയും പ്രോത്സാഹിപ്പിക്കാന്‍ മികച്ച രീതിയില്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ എത്തുന്നുണ്ട്.

അതെസമയം ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം കാണികള്‍ കണ്ട മത്സരം 2015 ഡിസംബര്‍ 16ന് നടന്ന അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത-ചെന്നൈ എഫ്സി മത്സരമാണ്. 68,340 പേരാണ് അന്ന് മത്സരം കാണാന്‍ കൊല്‍കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സിനാകില്ല. സ്‌റ്റേഡിയ പരിശ്ക്കരണത്തിന്റെ ഭാഗമായി സീറ്റുകളുടെ എണ്ണം വെട്ടികുറച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത്തെ മത്സരവും നടന്നത് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തന്നെയാണ്. ഡിസംബര്‍ 12 ന് നടന്ന കൊല്‍കത്ത മുംബൈ മത്സരമാണ് ഇത്. അന്ന് 65,000 പേരാണ് അന്ന് കളികാണാന്‍ എത്തിയത്.