ഇന്ത്യയെ ജയത്തിനരികെ എത്തിച്ച രവീന്ദ്ര ജാലം; കിവികളെ കാത്ത രവീന്ദ്ര സാഹസം

ഇന്ത്യയും ന്യൂസിലന്‍ഡും സന്ധിചെയ്തു പിരിഞ്ഞ കാണ്‍പൂര്‍ ടെസ്റ്റിന്റെ അവസാന ദിനം കണ്ടത് രണ്ട് രവീന്ദ്രന്‍മാരുടെ പോരാട്ടവീര്യം. കിവി ബാറ്റിംഗ് ലൈനപ്പിലൂടെ തുളഞ്ഞു കയറിയ രവീന്ദ്ര ജഡേജ ഇന്ത്യയെ ജയത്തിനരികില്‍ എത്തിച്ചപ്പോള്‍ രചിന്‍ രവീന്ദ്രയുടെ അപ്രതീക്ഷിത ചെറുത്തുനില്‍പ്പ് ന്യൂസിലന്‍ഡിനെ കാത്തുരക്ഷിച്ചു.

അഞ്ചാം ദിനം ന്യൂസിലന്‍ഡിന്റെ എട്ട് വിക്കറ്റുകളാണ് ഇന്ത്യ കൊയ്തത്. അതില്‍ നാലെണ്ണവും രവീന്ദ്ര ജഡേജയുടെ പേരില്‍ എഴുതപ്പെട്ടു. പരിചയ സമ്പന്നനായ റോസ് ടെയ്‌ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി തുടങ്ങിയ ജഡേജ എതിര്‍ നായകന്‍ കെയ്ന്‍ വില്യംസന്റെ പ്രൈസ് വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ ന്യൂസിലന്‍ഡ് വിറകൊണ്ടു. കൈല്‍ ജാമിസനും ടിം സൗത്തിയും ജഡേജയുടെ കൃത്യതയുള്ളതും തന്ത്രപരവുമായ പന്തേറിനെ നമിച്ചപ്പോള്‍ കിവികള്‍ പരാജയത്തിലേക്കെന്ന് തോന്നി.ജഡേജയുടെ നാല് ഇരകളും എല്‍ബിഡബ്ല്യൂവായിരുന്നു.

പക്ഷേ, ഇന്ത്യയുടെ രവീന്ദ്രന്റെ പ്രയത്‌നങ്ങളെ കിവികളുടെ രവീന്ദ്രന്‍ വിഫലമാക്കുന്ന കാഴ്ചയാണ് കാണ്‍പൂരിലെ അവസാന മണിക്കൂറുകളില്‍ കണ്ടത്. മുന്‍നിരയിലെ വമ്പന്‍മാര്‍ നിലംപൊത്തിയിട്ടും രചിന്‍ രവീന്ദ്ര പതറിയില്ല. ചുറ്റും ഫീല്‍ഡര്‍മാരെ അണിനിരത്തി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒരുക്കിയ കെണിയുടെ തണലില്‍ അശ്വിനും അക്ഷറും ജഡേജയും തൊടുത്ത സ്പിന്‍ ശരങ്ങളെ രചിന്‍ നിര്‍വീര്യമാക്കിക്കൊണ്ടിരുന്നു. 91 പന്തുകള്‍ രചിന്‍ കളിച്ചുതീര്‍ക്കുമ്പോള്‍ ഇന്ത്യക്ക് വിജയമോഹം വെടിയേണ്ടിവന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വ അതിജീവന കഥകളിലൊന്നായി അതു മാറുകയും ചെയ്തു.