എന്തിനവനെ പുറത്താക്കി? ആഞ്ഞടിച്ച് ഇര്‍ഫാന്‍ പത്താന്‍

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ ഒരുപാട് വകകളുണ്ടായെങ്കിലും നീതികരിക്കാനാകാത്ത ഒരു പുറത്താക്കലിനും ടീം പ്രഖ്യാപനം സാക്ഷ്യം വഹിച്ചു. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന രവീന്ദ്ര ജഡേജയെ സെലക്ടര്‍മാര്‍ തഴഞ്ഞതായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.

ജഡേജയ്ക്ക് പകരം സ്പന്നറായ യുസ് വേന്ദ്ര ചഹലിനേയാണ് സെലക്ടര്‍മാര്‍ ബംഗ്ലാദേശിനെതിരെ ടീമിലേക്ക് പരിഗണിച്ചത്. ലോകകപ്പിനും തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും മികച്ച പ്രകടനം കാഴ്ച്ചവെച്ച ജഡേജയെ തഴഞ്ഞത് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും രംഗത്തെത്തി.

“ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ജഡേജയെ കണ്ടില്ലെങ്കില്‍ ആരാണ് അദ്ഭുതപ്പെടാത്തത്? തന്റെ കരിയറിലെ ഏറ്റവും മികച്ച രീതിയിലാണ് അദ്ദേഹം ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്.” പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം മലയാളി താരം സഞ്ജു സാസംസണും യുവതാരം ശിവം ഡൂബെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടത് വലിയ സന്തോഷമാണ് ക്രിക്കറ്റ് ലോകത്തിന് നല്‍കിയത്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പരയില്‍ നടക്കുക.