പുലിവാല് പിടിച്ചു, ഒടുവില്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജഡേജ

തന്റെ വ്യക്തിപരമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. സഹോദരിയും അച്ഛനും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രവീന്ദ്ര ജഡേജ രംഗത്തെത്തിയത്.

തന്റെ ഭാര്യയെപ്പോലെ താനും ഒരു ബി.ജെ.പി അനുഭാവിയാണെന്നാണ് രവീന്ദ്ര ജഡേജ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് ജഡേജയുടെ ബാര്യ റിവാബ ജഡേജ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ട്വിറ്ററിലൂടെയാണ് രവീന്ദ്ര ജഡേജ ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ ബി.ജെ.പിയെ പിന്തുണക്കുന്നു. എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാര്യ റിവാബയെയും ടാഗ് ചെയ്താണ് ജഡേജയുടെ പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് രവീന്ദ്ര ജഡേജയുടെ സഹോദരി നൈനബ ജഡേജയും അച്ഛന്‍ അനിരുദ്ധസിങും ഇന്നലെ ജാംനഗറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് കോണ്‍ഗ്രസാണ് ശരിയായ പാര്‍ട്ടിയെന്നും നൈനബ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ജാംനഗറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബി.ജെ.പിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്.