ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ഏറെ ആവേശം നിറഞ്ഞതായിരുന്നു. ഇന്ത്യയെ എറിഞ്ഞൊതുക്കി അനായാസം ജയം നേടാമെന്നുള്ള ഓസീസ് മോഹത്തെ അശ്വിന്- വിഹാരി സഖ്യം പ്രതിരോധിച്ച് കീഴ്പ്പെടുത്തി. അശ്വിനും വിഹാരിയും ക്രീസില്‍ ഉറച്ചതോടെ ഓസീസ് തന്ത്രങ്ങള്‍ വെറും പ്രസനമായി. ഇപ്പോഴിതാ മത്സരത്തില്‍ അശ്വിന് പൊരുതിയത് കടുത്ത വേദന കടിച്ചമര്‍ത്തിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ പ്രീതി അശ്വിന്.
‘കടുത്ത നടുവേദനയോടെയാണ് കഴിഞ്ഞ രാത്രി അശ്വിന് ഉറങ്ങാന്‍ പോയത്. രാവിലെ എഴുന്നേല്ക്കുമ്പോള് നിവര്‍ന്ന് നില്ക്കാന് കഴിയുന്നുണ്ടായിരുന്നില്ല. ഷൂവിന്റെ ലെയ്സ് കെട്ടാന്‍ കുനിയാനും കഴിയുമായിരുന്നില്ല. എന്നിട്ടും ഇന്ന് അശ്വിന് കാട്ടിയ പ്രകടനം കണ്ട് വിസ്മയിച്ചു’ പ്രീതി ട്വീറ്റ് ചെയ്തു.
വിഹാരിയുടെയും അശ്വിന്റെയും തകര്‍പ്പന്‍ പ്രതിരോധമാണ് സമനില പിടിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അശ്വിന്- വിഹാരി സഖ്യം വിക്കറ്റ് കാത്ത് 256 ബോളുകള്‍ പ്രതിരോധിച്ച് നിന്നാണ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തത്. ഇതിനിടയില്‍ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തതോ 62 റണ്‍സും.
വിഹാരി 161 ബോളില്‍ 23* റണ്‍സെടുത്തും അശ്വിന് 128 ബോളില്‍ 39* റണ്‍സെടുത്തും പുറത്താകാതെ നിന്നു.