'അവന്‍ ആറ് ഓവര്‍ പിടിച്ചുനിന്നാല്‍ ബോളര്‍മാരെ അടിച്ചു നിരപ്പാക്കും'; മുംബൈയ്ക്ക് മുന്നറിയിപ്പ് നല്‍കി ശാസ്ത്രി

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രി. റോയല്‍സിന്റെ ഓപ്പണര്‍ ജോസ് ബട്ട്ലറെ വേഗം പുറത്താക്കാന്‍ മുംബൈ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ ഏറെ അപകടമാണെന്നും ശാസ്ത്രി പറഞ്ഞു.

‘ഞാന്‍ ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ വിവിയന്‍ റിച്ചാഡ്‌സിന്റെ സ്‌കോറിംഗ് എങ്ങനെ തടയും എന്ന് ആലോചിച്ചിരുന്നില്ല. മറിച്ച് അദ്ദേഹത്തെ എങ്ങനെ പുറത്താക്കുമെന്നും അതിന് ആരെ നിയോഗിക്കുമെന്നുമാണു ചിന്തിച്ചിരുന്നത്. ജോസ് ബട്ലര്‍ക്കെതിരെ മുംബൈയും ഇതുതന്നെ ചെയ്യണം.’

‘ബുംമ്രയാണ് അവരുടെ തുരുപ്പുചീട്ട്. ആ സാധ്യത തന്നെ കണക്കിലെടുക്കണം. കാരണം, ബട്ട്ലര്‍ ആറ് ഓവര്‍ പിടിച്ചുനിന്നാല്‍ ബോളര്‍മാരെ അടിച്ചു നിരപ്പാക്കും എന്ന് ഉറപ്പാണ്. ബട്ലര്‍ ഫോം കണ്ടെത്തിയാല്‍, രാജ്യാന്തര ക്രിക്കറ്റിലാണെങ്കിലും ക്ലബ് ക്രിക്കറ്റിലായാലും എതിരാളികള്‍ കുഴപ്പത്തിലാകും. അതിവേഗം സ്‌കോറിംഗ് ഉയര്‍ത്തി ബോളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബട്ട്ലര്‍ക്കു കഴിയും. മറ്റൊരു 360 ഡിഗ്രി പ്ലെയറാണ് ബട്ട്്ലര്‍’ ശാസ്ത്രി പറഞ്ഞു.

മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 3.30 മുതലാണ് മത്സരം. മുംബൈയും രാജസ്ഥാനും 25 തവണയാണ് മുമ്പ് നേര്‍ക്കുനേര്‍ എത്തിയിട്ടുള്ളത്. ഇതില്‍ 13 തവണയും മുംബൈ ജയിച്ചപ്പോള്‍ 11 തവണ രാജസ്ഥാന്‍ ജയം സ്വന്തമാക്കി. അവസാന ആറ് പോരാട്ടത്തില്‍ 3-3 ജയം വീതമാണ് ഇരു കൂട്ടരും നേടിയത്.