ഇന്ത്യ കളിപ്പിക്കേണ്ടത് ഇഷാനെ അല്ല, അവനെയാണ്; വിലയിരുത്തലുമായി ശാസ്ത്രി

ഐപിഎല്ലിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സെക്കന്റ് ചോയ്‌സ് വിക്കറ്റ് ആരെന്ന് പറഞ്ഞ് ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഋഷഭ് പന്ത് ആദ്യ ചോയ്‌സ് ആയി വരുമ്പോള്‍ ഇഷാന്‍ കിഷന് പകരം ദിനേശ് കാര്‍ത്തിക്കിനെ സെക്കന്റ് ഓപ്ഷനായി പരിഗണിക്കണമെന്നാണ് ശാസ്ത്രി പറയുന്നത്.

‘ഇഷാന്‍ കിഷന്റെ സംഭാവനകള്‍ക്കാണോ, ദിനേശ് കാര്‍ത്തികിന്റെ നിലവിലെ ഫോമിനാണോ ഇന്ത്യന്‍ ടീം സെലക്ഷനില്‍ പരിഗണന നല്‍കുകയെന്നു ചോദിച്ചാല്‍ ഞാന്‍ പരിഗണിക്കുക നിലവിലെ ഫോമായിരിക്കും. കൂടാതെ നമ്മള്‍ എവിടെയാണ് കളിക്കുന്നതെന്ന സാഹചര്യവും പരിഗണിക്കും. കൂടാതെ ഏതു തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നും പരിചയസമ്പത്ത്, ഫിറ്റ്നസ് തുടങ്ങിയവും നോക്കും. ചുറ്റുമുള്ള എല്ലാവരെയും പോലെ തന്നെ ദിനേശ് കാര്‍ത്തികും ഫിറ്റാണ്’ ശാസ്ത്രി പറഞ്ഞു.

നിലവില്‍ ആര്‍സിബിയ്ക്കായി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാര്‍ത്തിക് കാഴ്ച്ചവയ്ക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 105 ശരാശരിയില്‍ 200 സ്ട്രൈക്ക് റേറ്റോടെ 210 റണ്‍സ് കാര്‍ത്തിക് നേടിയിട്ടുണ്ട്. ഒരു ഫിഫ്റ്റിയടക്കമാണിത്. 18 ബൗണ്ടറികളും 15 സിക്സറും താരം ഇതിനകം നേടിക്കഴിഞ്ഞു. ഒരു മത്സരത്തില്‍ മാത്രമാണ് താരം ഫ്‌ളോപ്പായത്.

കാര്‍ത്തികിനെ ജൂണില്‍ ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വരുന്ന ടി20 ലോക കപ്പിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ ഇന്ത്യ കാര്‍ത്തിക്കിനെ ടീമില്‍ തിരിച്ചെത്തിക്കാന്‍ സാധ്യതയേറെയാണ്.