എന്നെങ്കിലും ഞാന്‍ രോഹിത്തിനെ പ്രശംസിക്കാതെ ഇരുന്നിട്ടുണ്ടോ? വികാരഭരിതനായി കോഹ്ലി

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി കോഹ്ലി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മയുമായുള്ള ബന്ധത്തെ കുറിച്ച് മൂന്നു വട്ടമാണ് അദ്ദേഹത്തിന് നേരെ ചോദ്യങ്ങളുയര്‍ന്നത്. എന്നാല്‍ എല്ലാ തവണയും ക്ഷമയോടെ, വിശദമായാണ് കോഹ്ലി മറുപടി പറഞ്ഞത്.

“മനസ്സിലുള്ളത് മുഖത്തു കാണിക്കുന്ന ആളാണ് ഞാന്‍. ടീമില്‍ ആരെങ്കിലുമായി ഇഷ്ടക്കേടുണ്ടെങ്കില്‍ അതു പ്രകടമായി തന്നെ എന്റെ മുഖത്തു കാണും” രോഹിത് ശര്‍മയുമായി രസക്കേടുണ്ടെന്ന വാര്‍ത്തകള്‍ ശക്തമായി നിഷേധിച്ച് കോഹ്ലി പറയുന്നു.

“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനും ചില വാര്‍ത്തകള്‍ കേട്ടു. ഡ്രെസിംഗ് റൂമിലെ അന്തരീക്ഷം മോശമാണെങ്കില്‍ ഇത്രയും സ്ഥിരതയോടെ കളിക്കാന്‍ ടീമിനു സാധിക്കുമോ?” ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉജ്വലമായി കളിച്ച ടീമാണ് ഇന്ത്യ. ഇത്തരം കാര്യങ്ങള്‍ക്കു നേരെ കണ്ണടച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവേദിയിലേക്ക് വലിച്ചിഴയ്ക്കുന്നതും തെറ്റു തന്നെ.” കോഹ്ലി കൂട്ടിചേര്‍ത്തു.

“11 വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കുന്നയാളാണ് ഞാന്‍, രോഹിത് പത്തു വര്‍ഷത്തോളവും. ഇതുവരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. രോഹിത്തിന്റെ മികച്ച പ്രകടനങ്ങളെയെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി പ്രശംസിക്കാറുണ്ട്. കാരണം അദ്ദേഹം അത്ര മികച്ച കളിക്കാരനാണ്. ടീമിന് എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്നും എനിക്കറിയാം..” കോഹ്ലി നിര്‍ത്തുന്നു.

Read more

“ഏതെങ്കിലും കളിക്കാരന്‍ വിശ്രമം എടുക്കണമെന്ന് ബി.സി.സി.ഐ തീരുമാനിക്കുന്നത് ടീമിന്റെ ട്രെയിനറോടും ഫിസിയോയോടും കൂടി അഭിപ്രായം തേടിയിട്ടാണ്. എനിക്ക് അദ്ധ്വാനം കൂടുതലാണ് എന്ന് ട്രെയിനര്‍ക്കോ ഫിസിയോയ്‌ക്കോ തോന്നിയിട്ടില്ല. അതു കൊണ്ടു തന്നെ മാറി നില്‍ക്കണം എന്ന് ബോര്‍ഡ് എന്നോടു പറഞ്ഞിട്ടുമില്ല..” വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നു ഫോര്‍മാറ്റുകളിലും താന്‍ കളിക്കാന്‍ തീരുമാനിച്ചത് രോഹിത് ശര്‍മ ക്യാപ്റ്റനാകുമോയെന്ന് പേടിച്ചിട്ടാണോയെന്ന പ്രചാരണത്തോടും കോഹ്ലിയുടെ മറുപടി ഇപ്രകാരമായിരുന്നു.