ഞങ്ങളിത് കാത്തിരുന്ന ഇടവേള; തുറന്നടിച്ച് രവി ശാസ്ത്രി

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ കായിക മേഖല സ്തംഭിച്ചിരിക്കുയാണ്. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവത്തിലൂടെ ആധുനിക ലോകം കടന്ന് പോകുന്നത്. എന്നാല്‍ ഈ ഇടവേള ടീം ഇന്ത്യയെ സംബന്ധിച്ച് അനുഗ്രഹമാണെന്ന് തുറന്ന് പറയുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവിശാസ്ത്രി.

കാത്തിരുന്ന ഇടവേളയാണ് ഇന്ത്യന്‍ ടീമിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് ശാസ്ത്രി തുറന്ന് പറയുന്നത്. അപ്രതീക്ഷിതമായി ഇപ്പോള്‍ ടീമിന് ലഭിച്ച ഇടവേള കൊണ്ട് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും ന്യുസിലന്‍ഡ് പരമ്പര അവസാനിച്ചപ്പോള്‍ തന്നെ കളിക്കാര്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നെന്നും രവി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു.

ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് മെയ് 23ന് പോയതാണ് ഞങ്ങളില്‍ പലരും. അതിന് ശേഷം ഞങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ കഴിയാനായത് 10-11 ദിവസം മാത്രമാണ്. മൂന്ന് ഫോര്‍മാറ്റിലും ഈ കാലയളവില്‍ തുടരെ കളിച്ച താരങ്ങളുണ്ട്. അവര്‍ക്ക് മേലുള്ള ഭാരം എത്രമാത്രമെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. ട്വന്റി20യില്‍ നിന്ന് ടെസ്റ്റിലേക്കും തിരിച്ചും സ്വിച്ച് ചെയ്യണം, പിന്നെ ഈ യാത്രകളും. ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്തു” ശാസ്ത്രി പറയുന്നു.

ന്യൂസിലാന്‍ഡില്‍ നിന്ന് ഞങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ എത്തിയപ്പോള്‍ തന്നെ ന്യൂസിലാന്‍ഡില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴത് മുന്നൂറായി. ഞങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയ സമയം വിമാനത്താവളത്തില്‍ ആളുകളെ പരിശോധിക്കുന്നത് കണ്ടു. കൃത്യ സമയത്താണ് ഞങ്ങള്‍ തിരികെ എത്തിയത്” ആശ്വാസത്തോടെ ശാസ്ത്രി പറയുന്നു.

ഈ സമയം ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ കളിക്കാര്‍ക്ക് വലിയ പങ്കുണ്ട്. കോഹ് ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി ചെയ്യുന്നുണ്ടെന്നും ശാസ്ത്രി വിലയിരുത്തി.