വാട്‌സണെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു, പിന്നെ റാഷിദിന് സംഭവിച്ചത്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസസ് മത്സരത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ ചില സംഭവവികാസങ്ങളുണ്ടായി. മത്സരത്തിനിടെ തന്റെ ഓവറില്‍ വാട്സണെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച റാഷിദ് ഖാന്‍ ഓസീസ് താരത്തിന്റെ ബാറ്റിന്റെ ചൂട് ശരിയ്ക്കും അറിഞ്ഞു. തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ചാണ് വാട്‌സണ്‍ ഇതിനോട് പ്രതികരിച്ചത്.

മത്സരത്തില്‍ സണ്‍റൈസസിനായി നന്നായി തല്ലു വാങ്ങിയത് സന്ദീപ് ശര്‍മ്മയും റാഷിദ് ഖാനുമാണ്. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും വിട്ടുകൊടുത്തത് 44 റണ്‍സാണ്. ഈ സീസണ്‍ ഐപിഎല്ലിലെ മോശം പ്രകടനമായിരുന്നു റാഷിദിന്റേത്.

അതെസമയം വാട്‌സനാകട്ടെ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്. 53 പന്തില്‍ നിന്ന് എണ്ണംപറഞ്ഞ ആറ് സിക്സറുകളും ഒമ്പത് ഫോറുകളും സഹിതം 96 റണ്‍സാണ് വാട്സണ്‍ നേടിയത്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വാട്‌സണെ ഭുവനേശ്വര്‍ പുറത്താക്കുകയായിരുന്നു.

മത്സര വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയിട്ടുളളത്.