ടി20 ലോക കപ്പിനുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ചു, തൊട്ടുപിന്നാലെ റാഷിദ് രാജിവെച്ചു!

ടി20 ലോക കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സ്പിന്നര്‍ റാഷിദ് ഖാന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. തന്നോട് അഭിപ്രായം ചോദിക്കാതെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏകപക്ഷീയമായി ടീമിനെ തിരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് റാഷിദിന്റെ രാജി.

‘ക്യാപ്റ്റനെന്ന നിലയില്‍ എനിക്കു രാജ്യത്തോട് ഉത്തരവാദിത്തമുണ്ട്. ടീം സിലക്ഷനില്‍ ഭാഗമാകാന്‍ അവകാശവുമുണ്ട്. ലോക കപ്പ് ടീമുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ആരായുകയോ സമ്മതം ചോദിക്കുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനാണ് എന്റെ തീരുമാനം. എങ്കിലും അഫ്ഗാന്‍ ടീമിനായി കളിക്കാനുള്ള അവസരം അഭിമാനമായി കാണുന്നു’ റാഷിദ് ട്വിറ്ററില്‍ കുറിച്ചു.

ടീം പ്രഖ്യാപിച്ച് 22ാം മിനിറ്റിലാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച റാഷിദിന്റെ ട്വീറ്റ് എത്തിയത്. ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാകും ടീമിന്റെ പുതിയ നായകനെന്നാണ് റിപ്പോര്‍ട്ട്. 16 അംഗ ടീമിനെയാണ് അഫ്ഗാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ ടീമിലില്ലാത്ത പലരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് ശ്രദ്ധേയം.

അഫ്ഗാനിസ്ഥാന്‍ ടീം: റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), റഹ്‌മത്തുല്ല ഗുര്‍ബാസ്, ഹസ്രത്തുല്ല സസായി, ഉസ്മാന്‍ ഖാനി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, ഹഷ്മത്തുല്ല ഷഹീദി, മുഹമ്മദ് ഷഹ്സാദ്, മുജീബുര്‍ റഹ്‌മാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നയ്ബ്, നവീന്‍ ഉല്‍ ഹഖ്, ഹമീദ് ഹസന്‍, ഷറഫുദ്ദീന്‍ അഷറഫ്, ദാലത് സദ്രാന്‍, ഷപൂര്‍ സദ്രാന്‍, ക്വായിസ് അഹ്‌മദ്.

റിസര്‍വ് തിരങ്ങള്‍: അഫ്സര്‍ സസായി, ഫാരിദ് അഹ്‌മദ് മാലിക്ക്