ഭാജി ടീം ഇന്ത്യയില്‍ തിരിച്ചെത്തുമോ? അപൂര്‍വ്വനേട്ടം സ്വന്തമാക്കി ഹര്‍ഭജന്‍

ഐപിഎല്ലിലെ 12ാം സീസണില്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചത് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ആണ്. ചെന്നൈയ്ക്കായി 10 മത്സരം മാത്രം കളിച്ചുളളുവെങ്കിലും 17.81 ശരാശരിയില്‍ 16 വിക്കറ്റാണ് ഹര്‍ഭജന്‍ സ്വന്തമാക്കിയത്. പല മത്സരത്തിലും കളിയിലെ താരമാകാനും ഈ മുതിര്‍ന്ന താരത്തിനായി.

ഇതോടെ ഹര്‍ഭജനെ ഇന്ത്യന്‍ ടീമിലേക്ക് ഇനിയും പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇന്ത്യയുടെ ലോക കപ്പ് ടീമിലുള്‍പ്പെട്ട മറ്റെല്ലാ സ്പിന്നര്‍മാരേക്കാളും മികച്ച പ്രകടനമാണ് ഹര്‍ഭജന്‍ കാഴ്ച്ച വെച്ചിരിക്കുന്നത്. മറ്റൊരു ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചാഹല്‍ 18 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഹര്‍ഭജനേക്കാള്‍ നാല് മത്സരം അധികമാണ് താരം കളിച്ചിട്ടുള്ളത്. മാത്രമല്ല ബൗളിംഗ് ശരാശരിയും ഹര്‍ഭജനേക്കാള്‍ കൂടുതലാണ് (21.44).

അതെസമയം ഡല്‍ഹിയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഹര്‍ഭജന്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ഐപിഎല്ലില്‍ 150 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ ബൗളറെന്ന റെക്കോഡാണ് ഹര്‍ഭജന്‍ സ്വന്തമാക്കിയത്. ഡല്‍ഹി കാപിറ്റല്‍സിന്റെ റുഥര്‍ഫോര്‍ഡിനെ പുറത്താക്കിയാണ് ചെന്നൈ സ്പിന്നര്‍ 150 വിക്കറ്റ് തികച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് ഹര്‍ഭജന്‍ സിങ്ങ്.

മത്സരത്തിന് മുമ്പ് 148 വിക്കറ്റായിരുന്നു ഹര്‍ഭജന്റെ സമ്പാദ്യം. ലസിത് മലിംഗ, അമിത് മിശ്ര, പിയൂഷ് ചൗള എന്നിവരാണ് 150 വിക്കറ്റ് ക്ലബിലെ മറ്റ് അംഗങ്ങള്‍. 169 വിക്കറ്റുള്ള മലിംഗയാണ് ഒന്നാം സ്ഥാനത്ത്. മിശ്ര, ചൗള എന്നിവര്‍ 150 വിക്കറ്റ് വീതം നേടിയിട്ടുണ്ട്.

ഇന്നലെ നടന്ന ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചിരുന്നു. ഡല്‍ഹിയെ ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഹര്‍ഭജന്റെ രണ്ട് വിക്കറ്റ് പ്രകടനം നിര്‍ണായകമായി.