മണ്ടന്‍ അമ്പയറിംഗില്‍ നിയന്ത്രണം വിട്ട് പത്താന്‍, രഹാന മെരുക്കിയത് ഇങ്ങനെ..

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങളിലൊന്നായ ബറോഡ-മുംബൈ പോരാട്ടത്തിനിടെ മൈതാനത്ത് നാടകീയ സംഭവങ്ങള്‍. മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനെ തെറ്റായ രീതിയില്‍ പുറത്താക്കിയ അമ്പയറിംഗ് നടപടിയാണ് വിവാദമായത്. അമ്പയര്‍ ഔട്ട് വിളിച്ചിട്ടും പത്താന്‍ പിച്ചില്‍ നിന്നും പോകാന്‍ തയ്യാറാകാതിരുന്നത് സ്ഥിതി ഏറെ വഷളാക്കി.

ബറോഡയുടെ രണ്ടാം ഇന്നിംഗ്സിലെ 48-ാം ഓവറിനിടെയായിരുന്നു സംഭവം. യൂസഫ് പത്താന്റെ നെഞ്ചില്‍ തട്ടി ഉയര്‍ന്ന പന്ത് ഷോട്ട് ലെഗില്‍ ക്യാച്ചെടുത്തു. ഉടന്‍ അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ അമ്പയറുടെ തെറ്റായ തീരുമാനം അംഗീകരിക്കാന്‍ യൂസഫ് പത്താന്‍ തയ്യാറായില്ല. പിച്ച് വിട്ടുപോകാന്‍ ബറോഡ താരം തയ്യാറാകാതിരുന്നതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

അമ്പയറുടെ തീരുമാനം തെറ്റെന്ന് ആവര്‍ത്തിച്ച് തലകുലുക്കി യൂസഫ് പത്താന്‍ പറയുന്നുമുണ്ടായിരുന്നു. ഒടുവില്‍ ഇടഞ്ഞു നിന്ന യൂസഫ് പത്താനെ മെരുക്കാന്‍ മുംബൈ ക്യാപ്റ്റന്‍ രഹാനെ തന്നെ എത്തി. രഹാനെയുടെ വിശദീകരണത്തിനൊടുവിലാണ് 37-കാരനായ യൂസഫ് പത്താന്‍ ദേഷ്യത്തോടെയെങ്കിലും പവലിയനിലേക്ക് പോകാന്‍ തയ്യാറായത്.

ആദ്യ ഇന്നിംഗ്സില്‍ 431 റണ്‍സടിച്ച മുംബൈക്ക് ബറോഡയുടെ മറുപടി 307 റണ്‍സില്‍ ഒതുങ്ങി. രണ്ടാം ഇന്നിംഗ്സിലും ബാറ്റ്സ്മാന്മാര്‍ തകര്‍ത്തടിച്ചതോടെ മുംബൈ 4ന് 409 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ബറോഡ രണ്ടാം ഇന്നിംഗ്സില്‍ 224 റണ്‍സിന് ഓള്‍ ഔട്ടായതോടെ മുംബൈ 309 റണ്ണിന്റെ കൂറ്റന്‍ ജയം ആഘോഷിക്കുകയായിരുന്നു.