ഇതാ ഇന്ത്യയ്‌ക്കൊരു സെവാഗ് രണ്ടാമന്‍, അവിശ്വസനീയ പ്രകടനം

രഞ്ജിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതോടെ ക്രിക്കറ്റിന്റെ ലൈംലൈറ്റിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകാണ് മുംബൈയുടെ യുവതാരം സര്‍ഫറാസ് ഖാന്‍. ഉത്തര്‍ പ്രദേശിനെതിരേയാണ് സര്‍ഫറാസ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. സര്‍ഫറാസ് ട്രിപ്പിള്‍ അടിച്ച രീതിയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ആഘോഷിക്കുന്നത്.

സിക്‌സറടിച്ചാണ് സര്‍ഫറാസ് ട്രിപ്പിള്‍ സെഞ്ച്വറി തികച്ചത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രീതിയിലാണ് സര്‍ഫറാസ് ട്രിപ്പിള്‍ സെഞ്ച്വറി തികച്ചത്.

2009-ല്‍ രോഹിത് ശര്‍മ ട്രിപ്പിള്‍ സെഞ്ച്വറി നേടിയശേഷം ഇതാദ്യമായാണ് രഞ്ജിയില്‍ ഒരു മുംബൈ താരം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്. 2015-ല്‍ ഉത്തര്‍പ്രദേശിനായി കളിച്ചിരുന്ന സര്‍ഫ്രാസ് ഖാന്‍ ഇതേ ഗ്രൗണ്ടില്‍ മുംബൈക്കെതിരെ ബാറ്റേന്തിയിട്ടുണ്ട്.

ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫ്രാസ് 391 പന്തില്‍ 301 റണ്‍സുമായി പുറത്താകാതെ നിന്നു. 30 ബൗണ്ടറിയും എട്ട് സിക്‌സറും അടങ്ങുന്നതാണ് സര്‍ഫ്രാസിന്റെ ഇന്നിംഗ്‌സ്. സര്‍ഫ്രാസ് 250 റണ്‍സടിച്ചതും സിക്‌സറിലൂടെയായിരുന്നു. ആറാം നമ്പറില്‍ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗ സ്‌കോറെന്ന നേട്ടവും ഇതോടെ സര്‍ഫ്രാസ് സ്വന്തമാക്കി. 2014-2015 സീസണില്‍ മുംബൈക്കെതിരെ കര്‍ണാടകയുടെ കരുണ്‍ നായര്‍ നേടിയ 328 റണ്‍സാണ് രഞ്ജിയില്‍ ആറാം നമ്പര്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

സര്‍ഫ്രാസിന്റെ ട്രിപ്പിള്‍ സെഞ്ചുറി മികവില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈ ഒന്നാം ഇന്നിംഗ്‌സ് ലീഡോടെ സമനിലയും മൂന്ന് പോയിന്റും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് എട്ടാമനായി ക്രീസിലെത്തി ഡബിള്‍ സെഞ്ചുറിയടിച്ച ഉപേന്ദ്ര യാദവിന്റെയും(203 നോട്ടൗട്ട്) സെഞ്ചുറി നേടിയ അക്ഷദീപ് സിംഗിന്റെയും(115) ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 625 റണ്‍സെടുത്തപ്പോള്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 688 റണ്‍സടിച്ചു.