റമീസ് വന്നു, ഹെയ്ഡനെ കൂടെക്കൂട്ടി; എതിരാളികളെ അമ്പരപ്പിച്ച് പാക് നീക്കം

ട്വന്റി20 ലോക കപ്പിന് മുന്നോടിയായി ക്രിക്കറ്റ് വൃത്തങ്ങളെ അമ്പരപ്പിച്ച നീക്കം നടത്തി പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്). പാക് ടീമിന്റെ കോച്ചിംഗ് സ്റ്റാഫില്‍ ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡനെയും ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറെയും ഉള്‍പ്പെടുത്തി. ഇരുവരുടെയും ചുമതലകള്‍ എന്തെന്ന് പിസിബി വ്യക്തമാക്കിയിട്ടില്ല. പിസിബി ചെയര്‍മാന്‍ പദത്തില്‍ റമീസ് രാജ ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് ഹെയ്ഡന്റെയും ഫിലാന്‍ഡറുടെയും അപ്രതീക്ഷിത നിയമനം.

ട്വന്റി20 ലോക കപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യ കോച്ച് മിസ്ബ ഉല്‍ ഹക്കും ബോളിംഗ് പരിശീലകന്‍ വഖാര്‍ യൂനീസും രാജിവെച്ചിരുന്നു. അവര്‍ക്കു പകരമായി സഖ്‌ലെയ്ന്‍ മുഷ്താഖിനെയും അബ്ദുള്‍ റസാഖിനെയും പാകിസ്ഥാന്‍ താത്കാലിക ചുമതലയേല്‍പ്പിക്കുകയും ചെയ്തു. ഹെയ്ഡനും ഫിലാന്‍ഡറും ഒപ്പംചേരുന്നതോടെ ലോക കപ്പില്‍ പാകിസ്ഥാന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പിസിബി ചെയര്‍മാന്‍ റമീസ് രാജയുടെ കണക്കുകൂട്ടല്‍.

ഓസ്‌ട്രേലിയയുടെ ലോക കപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള ഹെയ്ഡന്‍ ഏറെ പരിചയസമ്പന്നനാണ്. പേസര്‍ എന്ന നിലയില്‍ ഫിലാന്‍ഡറുടെ കരിയറും തിളക്കമുള്ളതായിരുന്നു. എന്നാല്‍ പരിശീലകരുടെ കുപ്പായത്തില്‍ ഹെയ്ഡനും ഫിലാന്‍ഡറും കാര്യമായ അനുഭവസമ്പത്തുള്ളവരല്ലെന്ന കുറവ് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.