രാജസ്ഥാൻ വെടിക്കെട്ട്; ചെന്നൈയെ തൂക്കിയടിച്ച് സഞ്ജുപ്പട

ഐ.പി.എല്ലിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ വെടിക്കെട്ട് തീർത്ത് സഞ്ജുപ്പടയുടെ മുന്നേറ്റം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം വെറും 17.3 ഓവറിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണെടുത്തത്.

കന്നി ഐ.പി.എൽ സെഞ്ചുറിയുമായി ഋതുരാജ് ഗെയ്ക്വാദ് തിളങ്ങിയതോടെ ചെന്നൈ മികച്ച സ്ക്കോറിലേക്ക് എത്തുകയായിരുന്നു. 60 പന്തുകൾ നേരിട്ട താരം അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 101 റൺസോടെ പുറത്താകാതെ നിന്നു. അവേശം നിറച്ച് അവസാന ഓവറിലെ അവസാന പന്ത് കൂറ്റൻ സിക്സർ പായിച്ചാണ് ഋതുരാജ് സെഞ്ചുറി തികച്ചത്.

ടോസ് നഷ്ടപ്പെട്ടെങ്കിലും മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ 47 റൺസ് ചേർത്ത ശേഷമാണ് ഋതുരാജ് – ഫാഫ് ഡുപ്ലെസി സഖ്യം പിരിഞ്ഞത്. 19 പന്തിൽ നിന്ന് 25 റൺസെടുത്ത ഡുപ്ലെസിയെ രാഹുൽ തെവാട്ടിയയുടെ പന്തിൽ സഞ്ജു സ്റ്റമ്പ് ചെയ്യുകയായിരുന്നു. പിന്നാലെ മോശം ഫോം തുടരുന്ന സുരേഷ് റെയ്ന മൂന്ന് റൺസുമായി തെവാട്ടിയക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

എന്നാൽ ഋതുരാജിനൊപ്പം അവസാന ഓവറുകളിൽ തകർത്തടിച്ച രവീന്ദ്ര ജഡേജ വെറും 15 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 32 റൺസോടെ പുറത്താകാതെ നിന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാജസ്ഥാന് വേണ്ടി തെവാട്ടിയ നാല് ഓവറിൽ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

അവസാന ഏഴ് മത്സരവും ജയിച്ച് എത്തിയ ചെന്നൈയ്ക്കെതിരെ തുടക്കം മുതലെ തകർത്തടിച്ചാണ് രാജസ്ഥാൻ കളി തുടങ്ങിയത്. എവിൻ ലൂയിസും യശസ്വി ജെയ്‌സ്വാളും ചേർന്ന് തകർപ്പൻ തുടക്കമാണ് രാജസ്ഥാന് നൽകിയത്. 32 പന്തിൽ 77 റൺസടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 12 പന്തിൽ രണ്ടു വീതം സിക്‌സും ഫോറുമടക്കം 27 റൺസെടുത്ത ലൂയിസിനെ പുറത്താക്കി ഷാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ തന്റെ ആദ്യ പന്തിൽ തന്നെ മലയാളി താരം കെ.എം ആസിഫ് ജെയ്‌സ്വാളിനെ മടക്കി. 21 പന്തിൽ നിന്ന് മൂന്നു സിക്‌സും ആറു ഫോറുമടക്കം 50 റൺസെടുത്താണ് ജെയ്‌സ്വാൾ പുറത്തായത്.

എന്നാൽപിന്നാലെ ക്രീസിൽ ഒന്നിച്ച സഞ്ജു സാംസൺ – ശിവം ദുബെ സഖ്യം കൂട്ടിച്ചേർത്ത 89 റൺസാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായി. 24 പന്തിൽ നിന്ന് നാല് ഫോറുകളടക്കം 28 റൺസെടുത്ത സഞ്ജുവിനെ പുറത്താക്കി ഷാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 42 പന്തുകളിൽ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 64 റൺസോടെ ശിവം ദുബെയും 14 റൺസോടെ ഗ്ലെൻ ഫിലിപ്പും പുറത്താകാതെ നിന്നു. ജയത്തോടെ മുംബൈ ഇന്ത്യൻസിനെ മറികടന്ന് രാജസ്ഥാൻ ആറാം സ്ഥാനത്തേക്ക് കയറി.