റെയ്ന എനിക്ക് എൻ്റെ ദൈവത്തെപ്പോലെ, എന്റെ ജീവിതം മാറ്റി മറിച്ചത് ആ ദിവസം- വെളിപ്പെടുത്തലുമായി യുവ താരം

ഐ.പി.എല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാന്‍, ചെന്നൈയുടെ മൂന്നാം നമ്പറിലെ പകരം വെയ്ക്കാനില്ലാത്ത പ്രതിഭ തുടങ്ങി വിശേഷണങ്ങള്‍ ഒരുപാടാണ് സുരേഷ് റെയ്‌നയ്ക്ക്. ആരാധക ഹൃദയങ്ങളിൽ ചിന്ന തല എന്ന പേരിൽ അറിയപ്പെടുന്ന താരത്തിന്റെ സഹ താരങ്ങളോടും എതിർ ടീം താരങ്ങളോടും ഉള്ള പെരുമാറ്റ രീതി ഒരുപാട് ആരാധകരെ നേടികൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഇപ്പോഴിതാ സുരേഷ് റെയ്ന തന്റെ ജീവിതത്തിലേക്കു കടന്നുവന്നതു ദൈവത്തെപ്പോലെയാണെന്നും തന്റെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയത് റെയ്നയാണെന്നും തുറന്നു പറഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവ പേസർ കാർത്തിക് ത്യാഗി.

“‘സുരേഷ് റെയ്‌ന എന്റെ ജീവിതത്തിലെത്തിയത് ദൈവത്തെ പോലെയാണ്. രഞ്ജി ടീമില്‍ സെലക്ടായതിന് ശേഷമാണ് ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്. പല കടമ്പകൾ മറികടന്ന് ഞാൻ രഞ്ജി ടീമിൽ എത്തി. അവിടെ പരിശീലന ക്യാമ്പിൽ റൈനയും ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ ഒരു വലിയ കളിക്കാരനോട് ഞാൻ എങ്ങനെ സംസാരിക്കുമെന്ന് കരുതി ഇരിക്കുക ആയിരുന്നു.

അപ്പോളാണ് എന്നെ ഞെട്ടിച്ചുകൊണ്ട് പരിശീലനം കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങിയപ്പോള്‍ എന്റെയടുത്ത് വരികയും എന്റെ കളിയെ കുറിച്ച് ചോദിക്കുകയും ചെയ്തു. നെറ്റ്സിൽ പന്തെറിയാൻ അവസരം നൽകി. എന്റെ പ്രകടനം കണ്ടതിനു ശേഷം ബോളിങ് ഇഷ്ടമായെന്നു പറ‍ഞ്ഞ അദ്ദേഹം, ഭാവിയിൽ എനിക്ക് അവസരങ്ങൾ ഉറപ്പാക്കുമെന്നു വാഗ്ദാനവും നൽകി. സുരേഷ് റെയ്നയെപ്പോലെ ഒരാൾ എന്റെ പ്രകടനം ശ്രദ്ധിച്ചു എന്നതുതന്നെ എന്നെ സംബന്ധിച്ചടത്തോളം വലിയ കാര്യമായിരുന്നു.

” അവസരം തരാമെന്ന് പറഞ്ഞത് അദ്ദേഹം എന്നെ കളിയാക്കിയതായിട്ടാണ് എനിക്ക് തോന്നിയത്. പിന്നാലെ യുപി രഞ്ജി ടീമിൽ എന്റെ പേരു കണ്ടു ഞാൻ ഞെട്ടിപ്പോയി. അവിടെനിന്നാണ് എന്റെ രഞ്ജി കരിയർ തുടങ്ങുന്നത്. പിന്നീടാണ് എനിക്ക് ഇന്ത്യൻ അണ്ടർ 19 ടീമിൽ എത്താൻ കഴിഞ്ഞതും- കാർത്തിക്ക് തന്റെ ഓർമ്മകൾ പങ്ക് വച്ചു പറഞ്ഞു

കഴിഞ്ഞ വര്ഷം കാർത്തിക്ക്​ ത്യാഗിയുടെ മാരകമായ ബൗളിങ്​ മികവിലായിരുന്നു പഞ്ചാബിനെ രാജസ്ഥാൻ റോയൽസ്​ രണ്ടുറൺസിന്​ തോൽപിച്ചത്​. അവസാന ഓവറിൽ വെറും നാലുറൺസ് മതിയായിരുന്ന പഞ്ചാബ്​ എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്​. എന്നാൽ ഫ്സ്റ്റംപിന് പുറത്ത് കൃത്യമായി പന്ത് പിച്ച് ചെയ്ത ത്യാഗി ഫുള്‍ടോസും യോര്‍ക്കറും പ്രയോഗിച്ചു കാർത്തിക്ക് കളി ജയിപ്പിച്ചു.