'ഞാനും ബ്രാഹ്മണനാണ്'; റെയ്‌നയുടെ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമാകുന്നു

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവയ് കിംഗസും സേലം സ്പാര്‍ടന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനിടെയുള്ള ഇന്ത്യന്‍ മുന്‍ നായകന്‍ സുരേഷ് റെയ്‌നയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ചെന്നൈ സംസ്‌കാരത്തെ കുറിച്ച് പറയുമ്പോള്‍ താനും ബ്രാഹ്മണനാണെന്ന് റെയ്‌ന പറഞ്ഞതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

“ഞാനും ബ്രാഹ്മണനാണ്. 2004 മുതല്‍ ചെന്നൈയില്‍ കളിക്കുന്നു. ഈ സംസ്‌കാരം ഞാന്‍ ഇഷ്ടപ്പെടുന്നു. എന്റെ ടീം അംഗങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. എ ശ്രീകാന്ത്, എസ് ബദ്രിനാഥ്, എല്‍ ബാലാജി എന്നിവരോടൊപ്പമെല്ലാം ഞാന്‍ കളിച്ചിട്ടുണ്ട്.” ചെന്നൈയുമായുള്ള ബന്ധത്തെ കുറിച്ചുള്ള കമന്റേറ്ററുടെ ചോദ്യത്തിന് മറുപടിയായി റെയ്ന പറഞ്ഞു.

ചെന്നൈ എന്നാല്‍ തമിഴ് ബ്രാഹ്മിന്‍ സംസ്‌കാരം മാത്രമല്ലെന്നാണ് റെയ്നക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് തമിഴരെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിമര്‍ശനം ഉയരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് ഇതിനെ ചുറിപ്പറ്റി കൊഴുക്കുന്നത്.