ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മുടങ്ങിയേക്കും, ആരാധകര്‍ ആശങ്കയില്‍

ടി20 പരമ്പരയോടേയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. ഈ മാസം 15 ധര്‍മ്മശാലയിലാണ് ആദ്യ ടി20 മത്സരം. എന്നാല്‍ മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മത്സരം നടക്കുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

ധര്‍മ്മശാലയിലെ കാലാവസ്ഥയാണ് മത്സരം നടക്കുമോയെന്ന ആശങ്ക സൃഷ്ടിക്കുന്നത്. ധര്‍മ്മശാലയിലും സമീപപ്രദേശങ്ങളിലും ഇപ്പോള്‍ മഴ പെയ്ത് കൊണ്ടിരിക്കുന്നുണ്ട്. മത്സരം നടക്കുന്ന പതിനഞ്ചാം തിയതിയും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇതോടെ മഴ മാറി നില്‍ക്കുന്ന മണിക്കൂറുകള്‍ ഉണ്ടായാല്‍ ഉടന്‍ മത്സരം നടത്താനുളള തയ്യാറെടുപ്പിലാണ് ഹിമാചല്‍ ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ മഴ പെയ്തു കൊണ്ടിരുന്നാല്‍ മത്സരം ഉപേക്ഷിക്കേണ്ടി വരും.

ഇന്ത്യന്‍ യുവനിരയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ടി20 പരമ്പര. ഖലീല്‍ അഹമ്മദ്, ദീപക് ചഹര്‍, നവ്ദീപ് സൈനി എന്നിവരാണ് പരമ്പരയില്‍ ഇന്ത്യയുടെ ബോളിംഗിനെ നയിക്കുന്നത്. ഭുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.