ധോണിയുടെ ഫോം ചോദ്യം ചെയ്യപ്പെട്ടു; റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് രാഹുല്‍

ഒരു മത്സരത്തില്‍ ഫോം കണ്ടെത്താനായില്ലെങ്കില്‍ വാളെടുത്ത് ധോണിക്കെതിരേ വരുന്നവര്‍ക്കുള്ള വ്യക്തമായ ഉത്തരമാണ് ഇക്കഴിഞ്ഞ ശ്രീലങ്കയുമായുള്ള ട്വന്റി20 മത്സരങ്ങളില്‍ ധോണി നല്‍കിയത്. കട്ടക്കില്‍ നടന്ന മത്സരത്തില്‍ 93 റണ്‍സിന് ജയിച്ച ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമായ പ്രകടനമാണ് ധോണി നടത്തിയത്.

മത്സരത്തില്‍ 180 എന്ന മികച്ച ടോട്ടല്‍ ഇന്ത്യയ്ക്ക് നേടാനായത് രാഹുലിന്റേയും ധോണിയുടേയും മികച്ച പ്രകടനംകൊണ്ടു മാത്രമായിരുന്നു. 61 റണ്‍സെടുത്ത രാഹുലിന്റേയും 39 റണ്‍സെടുത്ത ധോണിയുടെ ഇന്നിങ്‌സ് കളിയില്‍ നിര്‍ണായകമായിരുന്നു. മത്സരശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ധോണിയുടെ ഫോമിനേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത് രാഹുലിനെ ക്ഷുഭിതനാക്കി. ‘ എന്തുതരം ഫോമിനേക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. ഞാന്‍ ധോണിയുടെ കളി ടിവിയില്‍ കാണുമ്പോഴും അദ്ദേഹത്തിനൊപ്പം കളിക്കുമ്പോവുമൊക്കെ ധോണി റണ്‍സ് നേടാറുണ്ട്. പിന്നെയെന്തിനാണ് ഇങ്ങനെ ധോണിയുടെ ഫോമിനെക്കുറിച്ച് സംശയം എന്നാണ് രാഹുല്‍ ചോദിച്ചത്.

ഇന്ത്യയുടെ മാച്ച് വിന്നറാണ് ധോണി. അദ്ദേഹം മികച്ച രീതിയില്‍ കളി തുടരുന്ന ഒരു ബാറ്റ്‌സ്മാന്‍ ആണ്. ഡ്രസ്സിങ്ങ് റൂമില്‍ വളരെ പ്രചോദനം പകരുന്ന ആളാണ് ധോണിയെന്നും രാഹുല്‍ പറഞ്ഞു.