ഋഷഭ് പന്ത് ചതിച്ചിട്ടും ദക്ഷിണാഫ്രിക്കന്‍ ടീം പുറത്താക്കിയില്ല ; ഇന്ത്യന്‍ നായകന് ഹാഫ് സെഞ്ച്വറി അടിക്കാന്‍ അവസരം നല്‍കി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ആദ്യ മത്സരത്തില്‍ വന്‍ പരാജയമായി പോയ ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുല്‍ രണ്ടാം മത്സരത്തില്‍ അര്‍ദ്ധശതകം കുറിച്ചാണ് വിമര്‍ശകരുടെ വായടപ്പിച്ചത്. എന്നാല്‍ താരത്തിന്റെ ഈ തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ സഹായകരമായത് എതിര്‍ടീം ദക്ഷിണാഫ്രിക്കയായിരുന്നു. മത്സരത്തിനിടയില്‍ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തുമായുള്ള ധാരണപിശകില്‍ നേരത്തേ റണ്ണൗട്ടായി മടങ്ങാനുള്ള സാഹചര്യത്തില്‍ നിന്നും കഷ്ടിച്ചാണ് രാഹുല്‍ രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ അബദ്ധമാണ് തുണയായത്.

പന്തും രാഹുലും ഒരു ക്രീസില്‍ ആയിട്ടു പോലും ഒരാളെ റണ്ണൗട്ട് ആക്കാനുള്ള അവസരം ദക്ഷിണാഫ്രിക്ക തുലച്ചു. ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 70 റണ്‍സ് മാത്രമുള്ളപ്പോള്‍ രാഹുല്‍ 27 റണ്‍സിലും പന്ത് മൂന്ന് റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. 15 ാമത്തെ ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ കേശവ് മഹാരാജ്. ഓവറിലെ അവസാനത്തെ പന്ത് നേരിട്ടത് ഋഷഭാണ്. മിഡ് വിക്കറ്റിലേക്കു ഷോട്ട് കളിച്ച അദ്ദേഹം സിംഗിളിനായി ഓടി.

നോണ്‍ സ്ട്രൈക്കര്‍ രാഹുലും ഓടി. എന്നാല്‍ പകുതിയോളം എത്തിയ ശേഷം ഫീല്‍ഡര്‍ പന്തെടുത്തത് കണ്ടതോടെ റിഷഭ് സ്വന്തം ക്രീസിലേക്കു തിരികെയോടി. പക്ഷെ ക്രീസിന്റെ പകുതിയിലേറെ പിന്നിട്ടിരുന്ന രാഹുല്‍ പിന്‍മാറാതെ സ്ട്രൈക്കറുടെ എന്‍ഡിലേക്ക് തന്നെ കുതിച്ചു. ഇതോടെ ഋഷഭും രാഹുലും ഒരേ ക്രീസില്‍. മിഡ് വീക്കറ്റില്‍ നിന്നും ഫീല്‍ഡ് ചെയ്ത ബോള്‍ ക്യാപ്റ്റന്‍ കൂടിയായ ടെംബ ബവുമ ബൗളറുടെ എന്‍ഡിലേക്കു ത്രോ ചെയ്തു.

ഋഷഭും രാഹുലും ക്രീസിന്റെ മറുവശത്ത് നോക്കി നില്‍ക്കുകയായിരുന്നു. പക്ഷെ ക്രീസില്‍ ഉണ്ടായിരുന്ന മഹാരാജിനു ബോള്‍ പിടിക്കാനായില്ല. ഈ ബോള്‍ ഫീല്‍ഡ് ചെയ്യാന്‍ ബാക്കപ്പ് ഫീല്‍ഡറായ ആന്‍ഡില്‍ ഫെലുക്വായോ ശ്രമിച്ചെങ്കിലും ആദ്യ ശ്രമത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇതോടെ സമയം കിട്ടിയ രാഹുല്‍ നോണ്‍ സ്ട്രൈക്കറുടെ എന്‍ഡിലേക്കു സുരക്ഷിതമായി തിരിച്ചെത്തി. ഋഷഭിനെ തുറിച്ചു നോക്കിയ രാഹുല്‍ എന്തോ പറയുകയും ചെയ്തു. ലൈഫ് കിട്ടിയ രാഹുല്‍ തുടര്‍ന്ന് 50 റണ്‍സടിച്ചും പന്ത് 85 റണ്‍സും അടിച്ചാണ് മടങ്ങിയത്. റ്ണ്ണൗട്ടില്‍ നിന്നുള്ള അദ്ഭുകരമായ രക്ഷപ്പെടല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്.