ശ്രീലങ്കന്‍ പര്യടനം; യുവനിരയെ മേയ്ക്കുന്നത് ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സംഘം

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ കണ്ണും മനസും കാതും ഇന്ത്യന്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ്. പര്യടനത്തെ കുറിച്ച് വരുന്ന പുതിയ പുതിയ വിവരങ്ങള്‍ ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഏറെ ആവേശഭരിതമായ മറ്റൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.

ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് പോകുന്നത് രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സംഘമാണെന്നാണ് പുതിയ വിവരം. ഇന്ത്യന്‍ ടീമിനൊപ്പം കോച്ചിംഗ് സ്റ്റാഫായി രാഹുല്‍ ദ്രാവിഡും നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ദ്രാവിഡിന്റെ സഹായികളും ഉണ്ടായിരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ശ്രീലങ്കന്‍ പര്യടന സമയത്ത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും മുന്‍നിര ടീമും ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും.

മൂന്നു വീതം ഏകദിന ടി20 പരമ്പരകളാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചയ്യ്ക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 22, 24,27 തിയതികളില്‍ നടക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തിലാവും നടക്കുക.

യുവനിരയ്ക്ക് വ്യക്തമായ മുന്‍തൂക്കമുള്ള ഒരു ടീമിനെയാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ അണിനിരത്താന്‍ പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തിയാവും ലങ്കയിലേക്ക് ഇന്ത്യ പറക്കുക.

അങ്ങനെ എങ്കില്‍ സഞ്ജു സാംസണിനൊപ്പം ദേവ്ദത്ത് പടിക്കല്‍ ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചഹാല്‍, ടി.നടരാജന്‍, രാഹുല്‍ ചഹാര്‍, രാഹുല്‍ തേവാത്തിയ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സാകരിയ, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരെയും ടീമില്‍ പ്രതീക്ഷിക്കാം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇല്ലാത്ത ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും പുറത്തുണ്ട്. എന്തായാലും ശക്തമായ ഒരു യുവനിരയെ ബി.സി.സി.ഐ ശ്രീലങ്കയ്‌ക്കെതിരെ അണിനിരക്കുമെന്ന് പ്രതീക്ഷിക്കാം.