സഞ്ജുവിനെ കാക്കാൻ ദ്രാവിഡിനാവില്ല; വിധിയെഴുതുക അതുക്കും മേലെയുള്ളവർ ?

പ്രതിഭയുണ്ടായാൽ മാത്രം പോരാ. വലിയ വേദികളിൽ അവസരം കിട്ടുമ്പോൾ അതു പ്രദർശിപ്പിക്കാനുള്ള നെഞ്ചുറപ്പും ഭാഗ്യവും വേണം. മലയാളി ബാറ്റ്‌സ്മാൻ സഞ്ജു വി. സാംസണിന്റെ ഇന്ത്യൻ കുപ്പായത്തിലെ പ്രകടനം കാണുമ്പോൾ ഈ വാചകങ്ങൾ ഓർമ്മവരും. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് തിരശീല വീണപ്പോൾ ഏറ്റവും നിരാശപ്പെട്ടത് സഞ്ജുവും മലയാളി ക്രിക്കറ്റ് ആരാധകരുമായിരിക്കും.

സോഷ്യൽ മീഡിയയിലെ സഞ്ജു… സഞ്ജു.. വിളിയെല്ലാം നിഷ്ഫലമായിരിക്കുന്നു. നിരാശ മാത്രമല്ല അതിലേറെ ആശങ്കയമുണ്ടാവും സഞ്ജുവിന്. ഇനിയൊരിക്കൽകൂടി ട്വന്റി20യിൽ ഇന്ത്യൻ കുപ്പായം അണിയാനാകുമോ എന്ന ചിന്ത സഞ്ജുവിനെ അലട്ടിത്തുടങ്ങിയിരിക്കാം.

കരയറിലെ പരമപ്രധാനമായ പരമ്പരയായിരുന്നു സഞ്ജുവിനെ സംബന്ധിച്ച് ലങ്കയിലേത്. പക്ഷേ, പരീക്ഷണത്തിന്റെ നൂൽപ്പാലം കടക്കാൻ സഞ്ജുവിനായില്ല.വാനിഡു ഹസരങ്കയുടെ സ്പിന്നിനു മുന്നിൽ ഒന്നിലധികം തവണ പുറത്തായത് സഞ്ജുവിന്റെ കരിയറിലെ കറുത്തപാടായി അവശേഷിക്കും. തുടർച്ചയായ മത്സരങ്ങളിൽ ഒരേ ബൗളറുടെ പന്തിൽ പുറത്താകുന്നത് ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യമാണ്. ലങ്കയുമായി കളിച്ച നാല് ട്വന്റി20 മത്സരങ്ങളിൽ മൂന്നു തവണയും ഹസരങ്കയാണ് സഞ്ജുവിന്റെ അന്തകനായത്. ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സ്പിന്നിനു മുന്നിൽ തന്നെ സഞ്ജു തലകുനിച്ചു, ഇക്കുറി അകില ധനഞ്ജയക്ക് വിക്കറ്റ്.

പിച്ചിന്റെ പരിതാപകരമായ അവസ്ഥ പറഞ്ഞ്, പ്രിയശിഷ്യൻ സഞ്ജുവിനെ ദ്രാവിഡ് ന്യായീകരിക്കുന്നുണ്ടെങ്കിലും ട്വന്റി20 ലോക കപ്പിനുള്ള ടീമിൽ ഇടംപിടിക്കാനുള്ള മത്സരത്തിൽ നിന്ന് സഞ്ജു ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. വിക്കറ്റ് കീപ്പർമാരുടെ റോളിൽ കളിപ്പിക്കാവുന്ന ഒന്നിലധികം താരങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ, ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തായിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. പന്തിനു പുറമെ ഇഷാൻ കിഷനും കെ.എൽ. രാഹുലുമെല്ലാം വിക്കറ്റ് പിന്നിൽ നിൽക്കാൻ തയാറാണ്. ലങ്കയിലെ കിട്ടിയ അവസരം മുതലാക്കിയ ഇഷാന് ടീം സെലക്ഷനിൽ സഞ്ജുവിനെക്കാൾ പ്രാമുഖ്യം ലഭിക്കുമെന്നതിൽ സംശയമില്ല.

സഞ്ജുവിന് നേരിയ സാധ്യത അവശേഷിപ്പിക്കുന്ന കാര്യം ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന്റെ വരവാണ്. ഐപിഎല്ലിലെ വെടിക്കെട്ട് തുടർന്നാൽ സഞ്ജുവിന് റിസർവുകളുടെ കൂട്ടത്തിലെങ്കിലും ഇടം ലഭിച്ചേക്കും. എന്നാൽ ടീം സെലക്ഷനിലെ അവസാന വാക്ക് നായകൻ വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയുമായിരിക്കും.

കോഹ്‌ലിക്കും ശാസ്ത്രിക്കും പന്തിനും ഇഷാനോടുമാണ് പഥ്യമെന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. അതിനാൽത്തന്നെ ഐപിഎല്ലിലെ പ്രകടനംപോലും ചിലപ്പോൾ സഞ്ജുവിനെ രക്ഷിച്ചേക്കില്ല. സഞ്ജുവിന് വേണ്ടത്ര അവസരങ്ങൾ നൽകിക്കഴിഞ്ഞെന്നും രാജ്യത്തിന്റെ കുപ്പായത്തിൽ തിളങ്ങാത്ത താരത്തെ ലോക കപ്പ് പോലൊരു വലിയ ടൂർണമെന്റിൽ പരീക്ഷണ വസ്തുവായി ഉൾപ്പെടുത്തേണ്ടെന്നുമുള്ള നിലപാടായിരിക്കും കോഹ്‌ലിയും ശാസ്ത്രിയും സ്വീകരിക്കുകയെന്ന് കരുതേണ്ടിയിരിക്കുന്നു.