ഏപ്രിലില്‍ പ്രതികാരം വീട്ടും, നിഷാം- രാഹുല്‍ പോര് പുതിയ തലത്തില്‍

ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ഏകദിനത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത ഇന്ത്യന്‍ താരം കെ എല്‍ രാഹുലും, കിവീസ് താരം നീഷാമും തമ്മിലുളള പോര് ഗ്രൗണ്ടിന് പുറത്തേയ്ക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇരുതാരങ്ങളും പരസ്പരം വീണ്ടും വെല്ലുവളി നടത്തിയത്.

രാഹുല്‍ സിംഗിള്‍ എടുക്കുന്നതിനിടെയുണ്ടായ സംഭവം ഗ്രൗണ്ടില്‍ വെച്ച് തന്നെ ചിരിയില്‍ അവസാനിച്ചു. എന്നാലിതിന്റെ ബാക്കിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്‍പി ലേക്കെത്തുന്നത്.

ഏപ്രിലിലേക്ക് റണ്‍സ് ബാക്കി വെക്കാന്‍ മറക്കല്ലേ എന്നും പറഞ്ഞാണ് ഗ്രൗണ്ടില്‍ കണ്ടതിന്റെ ബാക്കിയുമായി നീഷാം ട്വിറ്ററിലെത്തിയത്. ഐപിഎല്ലില്ലാണ് നിഷാം സൂചിപ്പിച്ചത്. എന്നാല്‍ നമുക്ക് ഈ കണക്ക് ഏപ്രിലില്‍ തീര്‍ക്കാമെന്നാണ്ഗ്രൗണ്ടില്‍ വെച്ച് നീഷാമിനോട് തര്‍ക്കിക്കുന്ന ഫോട്ടോ പങ്കുവെച്ച് രാഹുല്‍ എഴുതിയത്.

കരിയറിലെ മികച്ച ഫോമില്‍ കളിക്കുന്ന രാഹുലിനെ നിയന്ത്രിക്കുക എന്നതായിരുന്നു ട്വന്റി20, ഏകദിന പരമ്പരകളില്‍ കിവീസിന്റെ പ്രധാന തലവേദന. എന്നാല്‍ ഏകദിനത്തില്‍ രാഹുലിന്റെ മികച്ച ഇന്നിംഗ്സിനൊപ്പം മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നില്‍ക്കാനാവാതെ വന്നതോടെ കിവീസിന് അനായാസം പരമ്പര തൂത്തുവാരാനായി.