രാഹുലിന്റെ തൊപ്പി തെറിക്കും; വെല്ലുവിളിക്കുന്നത് മൂന്നു പേര്‍

ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനുള്ള മത്സരം കടുക്കുന്നു. അഞ്ച് ബാറ്റര്‍മാരാണ് ഓറഞ്ച് ക്യാപ്പില്‍ കണ്ണുവയ്ക്കുന്നത്. ടൂര്‍ണമെന്റ് പൂര്‍ത്തിയാകുമ്പോള്‍ റണ്‍വേട്ടക്കാരുടെ പട്ടികയുടെ മുന്‍നിരയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പഞ്ചാബ് കിംഗ്‌സിന്റെ നായകനും ഓപ്പണറുമായ കെ.എല്‍. രാഹുലിന്റെ തലയിലാണ് ഇപ്പോള്‍ ഓറഞ്ച് തൊപ്പി. 62.60 ശരാശരിയില്‍ 626 റണ്‍സ് രാഹുലിന്റെ അക്കൗണ്ടിലുണ്ട്. എന്നാല്‍ പഞ്ചാബ് കിംഗ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ രാഹുലിന്റെ റണ്‍വേട്ടയ്ക്ക് വിരമായിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫാഫ് ഡുപ്ലെസി 546 രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പര്‍ കിങ്‌സിന് ഇനി കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ കളിക്കാനാവും. അതിനാല്‍ത്തന്നെ രാഹുലിനെ ഡു പ്ലെസി മറികടക്കാനാണ് സാധ്യത.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ശിഖര്‍ ധവാനും (544) രാഹുലിനെ വെല്ലുവിളിക്കുന്ന താരമാണ്. ധവാനും കുറഞ്ഞത് രണ്ട് മത്സരങ്ങള്‍ കളിക്കാനാവും. സൂപ്പര്‍ കിംഗ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്‌വാദാണ് റണ്‍വേട്ടയിലെ നാലാമന്‍. 533 റണ്‍സ് ഋതുരാജ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ എത്തിയില്ലെങ്കിലും ഋതുരാജിന് രണ്ട് മത്സരങ്ങള്‍ ലഭിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെലും ഓറഞ്ച് ക്യാപ്പ് സാധ്യത നിലനിര്‍ത്തുന്നു. ആര്‍.സി.ബി. എലിമിനേറ്ററില്‍ ജയിക്കുകയും മുന്നോട്ടുപോകുകയും ചെയ്താല്‍ മാക്‌സ്‌വെല്ലിന് രാഹുലിനെ മറികടക്കാനാവും.

അതേസമയം, വിക്കറ്റ് വേട്ടക്കാരുടെ മത്സരത്തില്‍ ആര്‍.സി.ബിയുടെ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ ബഹുദൂരം മുന്നിലാണ്. 30 വിക്കറ്റുകള്‍ ഹര്‍ഷല്‍ കൊയ്തിട്ടുണ്ട്. ഡല്‍ഹിയുടെ ആവേശ് ഖാനും (22) മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയും (21) തൊട്ടുപിന്നില്‍ നില്‍ക്കുന്നു.