സെഞ്ച്വറി നേടി രഹാനേ കിട്ടിയ അവസരം മുതലാക്കി ; മറുവശത്ത് പൂജാരയുടെ കാര്യം സ്വാഹ, പൂജ്യത്തിന് പുറത്തായി

ഇന്ത്യന്‍ ടെസ്റ്റ്ടീമിലെ നഷ്ടമായ കസേര തിരിച്ചുപിടിക്കാന്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങിയ അജിങ്ക്യാ രഹാനേ സെഞ്ച്വറി നേടിയപ്പോള്‍ കൂട്ടുകാരന്‍ തേജേശ്വര്‍ പൂജാരയുടെ കാര്യം കഷ്ടത്തില്‍. രഹാനേയുടെ മുംബൈയ്ക്ക് എതിരേ സൗരാഷ്ട്രയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ പൂജാരയ്ക്ക് ആദ്യ ഇന്നിംഗ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ പോലൂം കഴിഞ്ഞില്ല.

നാലാമനായി ക്രീസില്‍ എത്തിയ പൂജാര ഡക്ക് ആയി. നാലു പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കും മുമ്പ് തന്നെ അരങ്ങേറ്റക്കാരാന്‍ മോഹിത് അവസ്തി പൂജാരയെ വിക്കറ്റിന് മുന്നില്‍ കുരുക്കി. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 324 റണ്‍സിന്റെ ലീഡില്‍ നില്‍ക്കുകയാണ്. രഹാനേയുടെ സെഞ്ച്വറിയും സര്‍ഫാസ് ഖാന്റെ ഇരട്ടശതകവുമായിരുന്നു മുംബൈയുടെ കരുത്ത്. ദക്ഷിണാഫ്രിക്കയില്‍ വന്‍ വിമര്‍ശനം നേരിട്ടതിന് പിന്നാലെ ആദ്യമായി ക്രീസില്‍ എത്തിയ രഹാനേ 129 റണ്‍സാണ് അടിച്ചു കൂട്ടിയത്. 17 ബൗണ്ടറികളും രണ്ടു സിക്‌സറുകളും താരം പറത്തി.

ദക്ഷിണാഫ്രിക്കയിലെ മോശം ഫോമിന് പിന്നാലെ ഇരുവരോടും രഞ്ജി കളിച്ചു തെളിഞ്ഞുവരാന്‍ ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ കടുത്ത പരിശീലനം നടത്തിയാണ പൂജാര സൗരാഷ്ട്രയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങിയത്. ഇതോടെ ശ്രീലങ്കയ്ക്ക് എതിരേ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് ടീമിലേക്ക് ഇടം കണ്ടെത്താനുള്ള താരത്തിന്റെ നീക്കത്തിനും തിരിച്ചടിയായിട്ടുണ്ട്. 2018 -19 ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിരുന്നു പൂജാര. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്നും 521 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ അതിന് ശേഷം കളിച്ച 27 ടെസ്റ്റുകളില്‍ നിന്നും താരം അടിച്ചത് 1,287 റണ്‍സാണ്. ഇതില്‍ 12 ഹാഫ് സെഞ്ച്വറിയുമുണ്ട്. ഇംഗ്‌ളണ്ടിലെ ലീഡ്‌സില്‍ അവര്‍ക്കെതിരേ നേടിയ 91 ആണ് ഉയര്‍ന്ന സ്‌കോര്‍. 2019 നുവരിയില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേ നേടിയ ശേഷം ഇതുവരെ പൂജാര ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല.