ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സൂപ്പര്‍ താരം ഇംഗ്ലണ്ടിലേക്കില്ല!

ഐപിഎല്ലിന് ശേഷം വരാനിരിക്കുന്ന ഇംഗ്ലണ്ട പര്യടനത്തില്‍ നിന്ന് സീനിയര്‍ താരം അജിങ്ക്യ രഹാനെ പുറത്ത്. പിന്‍തുട ഞരമ്പിന് പരിക്കേറ്റ താരത്തെ ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഹനുമ വിഹാരിയോ ശ്രേയസ് അയ്യരോ ഈ ഒഴിവിലേക്ക് എത്തും.

മെയ് 14 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കെകെആറിന്റെ മത്സരത്തിനിടെയാണ് രഹാനെക്ക് പരിക്കേറ്റത്. മത്സരത്തില്‍ ഫീല്‍ഡിംഗിനും താരം ഇറങ്ങിയിരുന്നില്ല. നാലാഴ്ചയിലധികം താരത്തിന് വിശ്രമം ആവശ്യം വരുമെന്നാണ് റിപ്പോര്‍ട്ട്ുകള്‍.

കൗണ്ടി ക്രിക്കറ്റില്‍ ഫോം വീണ്ടെടുത്ത് റണ്‍സ് വാരിക്കൂട്ടുന്ന ചേതേശ്വര്‍ പുജാരയെ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. കൗണ്ടിയില്‍ നിന്നും അദ്ദേഹം നേരിട്ട് ഇംഗ്ലണ്ടില്‍ വച്ച് ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരുമെന്നാണ് സൂചനകള്‍.

ജൂണ്‍ 15നാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യ യാത്ര തിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന ടെസ്റ്റിനു മുമ്പ് ഒരു സന്നാഹ മല്‍സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഈ മാസം 23ന് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്  പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.