ഹാര്‍ദ്ദിക്കിന് നേട്ടം; മൂക്കുകുത്തി വീണ് കോഹ്ലിപ്പട

ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും ഭുവനേശ്വര്‍ കുമാറിനും നേട്ടം. 24 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി ഹാര്‍ദ്ദിക്ക് 49ാം സ്ഥാനത്തും എട്ട് സ്ഥാനം മുന്നോട്ട് കയറി ഭുവനേശ്വര്‍ എട്ടാം സ്ഥാനത്തുമെത്തി.

ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതാണ് ഹാര്‍ദ്ദിക്ക് തുണയായത്. ആദ്യ ഇന്നിംഗ്‌സില്‍ ഹാര്‍ദ്ദിക്ക് 93 റണ്‍സ് നേടിയിരുന്നു. ഭുവനേശ്വര്‍ ആകട്ടെ ആറ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

എന്നാല്‍ പുതിയ റാങ്കിംഗില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം തിരിച്ചടി നേരിട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒരു സ്ഥാനം പിന്നോടിച്ച് മൂന്നാം സ്ഥാനത്തും പൂജാര രണ്ട് സ്ഥാനം പിന്നോട്ടടിച്ച് അഞ്ചാം സ്ഥാനത്തും ആയി.

ഇന്ത്യന്‍ ഓപ്പണര്‍മാരായ മുരളി വിജയ്, ശിഖാര്‍ ധവാന്‍ മധ്യനിര താരം രോഹിത് ശര്‍മ്മ എന്നിവര്‍ക്കും റാങ്കിംഗില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. അഞ്ച് സ്ഥാനം പിന്നോട്ടിറങ്ങിയ വിജയ് 30-മതും, മൂന്ന് സ്ഥാനങ്ങള്‍ വീതം നഷ്ടപ്പെട്ട ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ യഥാക്രമം 33 ഉം, 44ഉം സ്ഥാനങ്ങളില്‍ എത്തി.

സ്റ്റീവ് സ്മിത്താണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്. ജോറൂട്ട് രണ്ട് സ്ഥാനം മുന്നോട്ട് കയറി രണ്ടാം സ്ഥാനവും സ്വന്തമാക്കി.

ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ ഒന്നാമതെത്തിയതാണ് മറ്റൊരു വിശേഷം. ടെസ്റ്റില്‍ മൊത്തം അഞ്ച് വിക്കറ്റുകള്‍ നേടിയ ഈ ഇരുപത്തിരണ്ടുകാരന്‍ അഞ്ച് റേറ്റിംഗ് പോയിന്റുകള്‍ നേടിയാണ് ബോളര്‍മാരില്‍ തലപ്പത്തെത്തിയത്. ജഡേജ മൂന്നാമതും അശ്വിന്‍ നാലാം സ്ഥാനത്തും തുടരുകയാണ്.