സൂപ്പര്‍ താരത്തിന് കോവിഡ്; ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന് കോവിഡ്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അശ്വിന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കില്ല. എന്നാല്‍ ടെസ്റ്റ് മത്സരത്തിന് മുമ്പ് താരം സുഖമാകുമെന്നാണ് കരുതുന്നതെന്നും എന്നിരുന്നാലും ലെസ്റ്റര്‍ഷയറിനെതിരായ പരിശീലന മത്സരം അദ്ദേഹത്തിന് നഷ്ടമായേക്കാമെന്നും ടീം വൃത്തങ്ങള്‍ പറഞ്ഞു.

ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്. ഈ സമയമാവുമ്പോഴേക്കും അശ്വിന് ലണ്ടനിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവും എന്നാണ് കരുതുന്നത്. ജൂണ്‍ 16ന് ആദ്യ സംഘം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടിരുന്നു. ഇവര്‍ ബോളിംഗ് കോച്ച് പരസ് മാബ്രെയുടേയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിന്റേയും നേതൃത്വത്തില്‍ പരിശീലനം ആരംഭിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ഐ പരമ്പര പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ ദ്രാവിഡ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ലണ്ടനിലെത്തി, ഇവര്‍ ചൊവ്വാഴ്ച ലെസ്റ്ററിലേക്ക് പോയി ടീമിനൊപ്പം ചേരും.

കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിയ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനെ ബര്‍മിംഗ്ഹാമില്‍ നേരിടും.

പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഈ ടെസ്റ്റിന് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും മൂന്ന് ഏകദിനങ്ങളിലും മൂന്ന് ടി20യും കളിക്കും.