അശ്വിനെതിരെ ആഞ്ഞടിച്ച് ഒടുവില്‍ ബി.സി.സി.ഐയും

ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്‌ലറെ മങ്കാദിംഗ് റണ്‍ഔട്ടില്‍ കുടുക്കിയ ആര്‍ അശ്വിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും. അശ്വിന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഔചിത്യം കാണിക്കണമായിരുന്നുവെന്നും മാച്ച് ഓഫീഷ്യല്‍സിനും തീരുമാനത്തില്‍ തെറ്റ് പറ്റിയെന്നും ബിസിസിഐ തുറന്നടിച്ചു.

ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ക്രിക്കറ്റിലെ കഴിവുകള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും അതാണ് കളി വീക്ഷിക്കുന്നവര്‍ക്കും വളര്‍ന്നു വരുന്ന താരങ്ങള്‍ക്കും ശരിയായ സന്ദേശം നല്‍കുവെന്നും സീനിയര്‍ ബിസിസിഐ വക്താവ് വ്യക്തമാക്കി.

ക്രിക്കറ്റിലെ നിയമങ്ങളും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും ഒരുപോലെ കാത്തു സംരക്ഷിക്കണമെന്ന് അശ്വിന്‍ മനസിലാക്കണമെന്നും ഒരുപക്ഷേ ഇത്തരത്തിലുള്ള പുറത്താക്കലുകള്‍ നിങ്ങള്‍ക്ക് വിജയം നേടി തന്നേക്കാമെന്നും എന്നാല്‍ ജനപ്രീതി നേടാന്‍ സാധിക്കില്ലെന്നും ബിസിസിഐ വക്താക്കള്‍ വ്യക്തമാക്കി.

നേരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, കോച്ച് പാഡി ഉപ്ടണ്‍, ബ്രാന്‍ഡ് അംബാസിഡര്‍ ഷെയ്ന്‍ വോണ്‍ എന്നിവരും അശ്വിന്റെ പ്രവര്‍ത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ 14 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം.