'അതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കില്ല', വിമര്‍ശകരെ കടന്നാക്രമിച്ച് വിരാട് കോഹ്ലി

ഇന്ത്യയുടെ സീനിയര്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെയുടെ ഫോമിനെയും ടീമിലെ സ്ഥാനത്തെയും പറ്റി നിരന്തരം ചോദ്യം ഉന്നയിക്കുന്ന വിമര്‍ശകരെ കടന്നാക്രമിച്ച് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടീമെന്ന നിലയില്‍ അത്തരം നിലപാടിനെ പ്രോത്സാഹിപ്പില്ലെന്ന് കോഹ്ലി പറഞ്ഞു.

ഒരു കളിക്കാരനുമേല്‍ അല്‍പ്പം സമ്മര്‍ദ്ദമുണ്ടാമ്പോള്‍, അടുത്ത് എന്തു സംഭവിക്കുമെന്ന ചോദ്യം ഉയരുന്ന സാഹചര്യ സൃഷ്ടിക്കുന്നതിനെ ടീമെന്ന നിലയില്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കില്ല. ഒരു സമയത്ത് ചില കളിക്കാരെ പ്രശംസിച്ച ആള്‍ക്കാര്‍ തന്നെ പൊടുന്നനെ അയാളെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യന്‍ കളിക്കാര്‍ അത്തരത്തില്‍ പ്രതികരിക്കില്ല. കാരണം ഒരു മത്സരം കളിക്കുന്നതിന് എത്രത്തോളം പരിശ്രമം വേണമെന്ന് നമുക്ക് അറിയാം. സമ്മര്‍ദ്ദം നേരിടുന്ന കളിക്കാരനെ ടീം പിന്തുണയ്ക്കും, അതു അജിന്‍ക്യ രഹാനെയോ മറ്റാരങ്കിലുമോ ആകട്ടെ. പുറത്തുള്ള അന്തരീക്ഷം നോക്കി ടീം തീരുമാനം എടുക്കാറില്ല- കോഹ്ലി പറഞ്ഞു.

രഹാനെയുടെ ഫോം വിലയിരുത്താന്‍ എനിക്കാവില്ല. ആര്‍ക്കും അതിന് കഴിയില്ലെന്ന് വിചാരിക്കുന്നു. ഏതൊക്കെ കാര്യങ്ങളിലാണ് മെച്ചപ്പെടേണ്ടതെന്ന് അയാള്‍ക്ക് അറിയാം. നിര്‍ണായക ടെസ്റ്റുകളില്‍, പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് മികച്ച പ്രകടനം നടത്തിയ കളിക്കാരെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.