'ആ ദിവസം ടീം ഒന്നാകെ മരവിച്ചുപോയി', മോശം സമയത്തെ കുറിച്ച് പറഞ്ഞ് ശാസ്ത്രി

ഇന്ത്യന്‍ കോച്ചായിരുന്ന കാലത്തെ ഏറ്റവും മോശം സമയത്തെ കുറിച്ച് തുറന്നുപറഞ്ഞ് രവി ശാസ്ത്രി. അഡ്‌ലെയ്ഡില്‍ ചെറിയ സ്‌കോറിന് പുറത്തായപ്പോള്‍ ടീം മരവിപ്പിന്റെ പിടിയിലായെന്ന് ശാസ്ത്രി പറഞ്ഞു.

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ വിമര്‍ശനത്തിന്റെ തോക്കിന്‍ കുഴലിനു മുന്നിലായിരുന്നു ഞാന്‍. മറ്റൊരു വഴിയുണ്ടായിരുന്നില്ല. കുത്തുവാക്കുകള്‍ കേട്ടു. ഒന്നാം ദിനം മുതല്‍ എന്തും നേരിടാന്‍ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. രക്ഷപെടാന്‍ മറ്റൊരു വഴിയും ഇല്ലെന്ന് അറിയാമായിരുന്നു. 2020ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ വെറും 36 റണ്‍സിന് പുറത്തായതാണ് കരിയറിലെ ഏറ്റവും മോശം അനുഭവം- ശാസ്ത്രി പറഞ്ഞു.

തലേദിവസം ഒമ്പത് വിക്കറ്റ് നമ്മുടെ കൈവശമുണ്ടായിരുന്നു. ആ വിക്കറ്റുകളെല്ലാം ഒരു സെഷനില്‍ നഷ്ടമായി. നമ്മള്‍ 36ന് ഓള്‍ഔട്ടായി. അത്രയും കുറഞ്ഞ സ്‌കോറിന് പുറത്തായതോടെ ഇന്ത്യന്‍ ടീം ആകെ മരവിച്ചു. അതിന്റെ ഞെട്ടല്‍ ദിവസങ്ങളോളം തുടര്‍ന്നതായും ശാസ്ത്രി വെളിപ്പെടുത്തി.