'ട്വന്റി20 ലോക കപ്പ് ടീമില്‍ ഒരാള്‍ കൂടി എത്തും', സഞ്ജുവിന്റെ വിധിയും വീരു പറയുന്നു

ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ച് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഐപിഎല്ലിലെ പ്രകടനം ടീമില്‍ ഭേദഗതികള്‍ വരുത്തിയേക്കാമെന്ന് സെവാഗ് പറഞ്ഞു. സെപ്റ്റംബര്‍ ആദ്യമാണ് ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ ഇടം നേടാന്‍ ദേവദത്ത് പടിക്കലിന് ഇനിയും അവസരമുണ്ട്. ടീമില്‍ മാറ്റമുണ്ടായാല്‍ അതിശയിക്കേണ്ട. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ദേവദത്തിനെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ആരുകണ്ടു- സെവാഗ് പറഞ്ഞു.

ഇഷാന്‍ കിഷനെയാണ് ഞാന്‍ ആദ്യം പരിഗണിക്കുന്നത്. പിന്നെ ദേവദത്ത് പടിക്കലിനെ കണക്കിലെടുക്കാം. കെ.എല്‍. രാഹുലിനെയും സഞ്ജു വി. സാംസനെയും ശ്രദ്ധിക്കണം. ദേവദത്തിന്റെ ബാറ്റിംഗ് കാണാന്‍ ഇഷ്ടപ്പെടുന്നു. മേല്‍പ്പറഞ്ഞ നാലുപേരില്‍ ദേവദത്താണ് എന്റെ ചോയ്‌സ്.

ഐപിഎല്ലില്‍ ഓരോ ടീമിനും ഏഴ് മത്സരങ്ങള്‍ വീതം അവശേഷിക്കുന്നുണ്ട്. മികച്ച പ്രകടനത്തിന് ഇനിയും വേദിയുണ്ടെന്നാണ് അതിനര്‍ത്ഥം. സെലക്ടര്‍മാരെ തൃപ്തിപ്പെടുത്താന്‍ അവസരം മുന്നിലുണ്ട്. ലോക കപ്പ് ടീമില്‍ മാറ്റം വരുത്താന്‍ ഐസിസി അനുവദിക്കുന്നതിനാല്‍ പുതിയ താരങ്ങള്‍ക്ക് ഇടംലഭിച്ചാല്‍ അത്ഭുതമില്ലെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.