'റൊട്ടിയില്‍ വെണ്ണ പുരട്ടലല്ല എന്റെ ജോലി', സൂപ്പര്‍ താരത്തിന് ചുട്ട മറുപടി നല്‍കി ശാസ്ത്രി

ഇന്ത്യന്‍ കോച്ചായിരുന്ന രവി ശാസ്ത്രിയുടെ വാക്കുകള്‍ തന്നെ തകര്‍ത്തെന്ന സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ അടുത്തിടെ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ അശ്വിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ശാസ്ത്രി. ആരെയും സുഖിപ്പിക്കലല്ല തന്റെ ജോലിയെന്നാണ് ശാസ്ത്രി തുറന്നടിച്ചത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ സിഡ്‌നി ടെസ്റ്റില്‍ അശ്വിന്‍ കളിച്ചിരുന്നില്ല. ടീമില്‍ ഉള്‍പ്പെട്ട കുല്‍ദീപ് യാദവ് നന്നായി പന്തെറിഞ്ഞു. അതിനാല്‍ കുല്‍ദീപിന് അവസരം നല്‍കിയത് തെറ്റായില്ല. അത് അശ്വിനെ വേദനിപ്പിച്ചെങ്കില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. അതാണ് അശ്വിനെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിച്ചത്- ശാസ്ത്രി പറഞ്ഞു.

എല്ലാവരുടേയും റൊട്ടിയില്‍ വെണ്ണ പുരട്ടലല്ല എന്റെ തൊഴില്‍. അജണ്ടകളില്ലാതെ വസ്തുതകള്‍ പറയുകയാണ് എന്റെ ജോലി. 2019ല്‍ നിന്ന് ഏറെ വിഭിന്നമായാണ് 2021ല്‍ അശ്വിന്‍ പന്തെറിഞ്ഞത്. ടീമില്‍ നിന്ന മാറ്റിനിര്‍ത്തിയതില്‍ അശ്വിന്‍ സങ്കടപ്പെടേണ്ടതില്ല. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കാനാണ് 2018ല്‍ അശ്വിനോട് പറഞ്ഞത്. അതിനായി അശ്വിന്‍ യത്‌നിച്ചു. ഇപ്പോള്‍ അയാള്‍ എങ്ങനെ പന്തെറിയുന്നുവെന്നു നോക്കൂ. ലോകോത്തര ബോളറാണ് അശ്വിന്‍- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.