'വീരുവിന്റെ ബാറ്റിംഗ് ഇഷ്ടപ്പെട്ടിരുന്നു', റോള്‍ മോഡലിനെ കുറിച്ച് പറഞ്ഞ് ഐറിഷ് താരം

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗിന്റെ ബാറ്റിംഗ് കാണാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്ന് അയര്‍ലന്‍ഡ് ബാറ്റര്‍ പോള്‍ സ്റ്റിര്‍ലിംഗ്. കുട്ടികാലം മുതലേ ക്രിക്കറ്റിനെ പ്രണയിച്ചതായും താരം പറഞ്ഞു.

രണ്ട് ബാറ്റര്‍മാരുടെ കളിയാണ് ആസ്വദിച്ചിരുന്നത്. ഓസ്‌ട്രേലിയയുടെ ഡാമിയന്‍ മാര്‍ട്ടിന്റേതാണ് അതിലൊന്ന്. ക്രീസില്‍ നില്‍ക്കുന്ന മാര്‍ട്ടിന്റെ കണ്ണുകളിലെ ശാന്തതയും സന്തോഷം പ്രദാനം ചെയ്യുന്ന സുന്ദരമായ നോട്ടവും അനുപമമായിരുന്നു. സെവാഗാണ് എന്റെ മനസില്‍ ഇടംപിടിച്ച മറ്റൊരാള്‍. ഓഫ്‌സൈഡ് വഴി വീരു കളിക്കുന്ന ഷോട്ടുകള്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നു. സെവാഗിനെ അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും അതത്ര ഫലംകണ്ടില്ല- സ്റ്റിര്‍ലിങ് പറഞ്ഞു.

മാര്‍ട്ടിനും സെവാഗും ബാറ്റ് ചെയ്യുന്നത് നോക്കിയിരിക്കുമായിരുന്നു. പത്താം വയസില്‍ തന്നെ ടെസ്റ്റ് മത്സരങ്ങള്‍ കണ്ടിരുന്നു. ജന്മനാടായ ബെല്‍ഫാസ്റ്റില്‍ ആ പ്രായത്തിലുള്ള ആരും അധികം ചെയ്യാത്ത കാര്യമായിരുന്നു അതെന്നും സ്റ്റിര്‍ലിംഗ് കൂട്ടിച്ചേര്‍ത്തു.